കൊട്ടാരക്കര: മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മനസിലാക്കിയാൽ മാത്രമേ ശരിയായ ആത്മശാന്തി ലഭിക്കുകയുള്ളൂവെന്ന് ശിവഗിരി മഠം സ്വാമി ഗുരുപ്രസാദ് പറഞ്ഞു. കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവവും ദേവീഭാഗവത നവാഹജ്ഞാന യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, എസ്.ത്യാഗരാജൻ, ബി.ഷാജി, എൻ.സാബു, പി.ബിനു എന്നിവർ സംസാരിച്ചു. യജ്ഞാചാര്യൻ ഏരൂർ രാധാകൃഷ്ണൻ മാഹാത്മ്യ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ മുതൽ യജ്ഞ ചടങ്ങുകൾ ആരംഭിക്കും. ദിവസവും ദേവീഭാഗവത പാരായണം, പ്രഭാഷണം, വിശേഷാൽ പൂജകൾ, അന്നദാനം, ദീപാരാധന എന്നിവ നടക്കും. 12ന് രാത്രി 7ന് ഭജന, 13ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും. കോട്ടാത്തല യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക എം.വി. മിനി, മുൻ പ്രഥമാദ്ധ്യാപകൻ വി.ചന്ദ്രസേനൻ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.