കരുനാഗപ്പള്ളി: പശ്ചിമതീര കനാലിന്റെ പടിഞ്ഞാറ് വശത്ത് കരിങ്കൽ ഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്ന ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ല.
ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് തെക്കുവശമാണ് കായൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുള്ളത്. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തു നിന്ന് 700 മീറ്റർ ഭാഗത്താണ് സംരക്ഷണ ഭിത്തി ഇല്ലാത്തത്. സുനാമി ദുരന്തമുണ്ടായിട്ടു പോലും ഇവിടെ ഭിത്തി നിർമ്മിച്ചില്ല. സുനാമി പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കായലിന്റെ തീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കായലിന് സമാന്തരമായി സംരക്ഷണ ഭിത്തി ഒന്നര പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ചിരുന്നു. എന്നിട്ടും അധികൃതർ ഈ ഭാഗം ഒഴിവാക്കിയാണ് കരിങ്കൽ ഭിത്തി നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് നിരവധി ബോട്ടുകളും മറ്റ് മത്സ്യബന്ധന യാനങ്ങളും കടന്ന് പോകുന്നത് പശ്ചിമതീര കനാലിലൂടെയാണ്. ബോട്ടുകൾ പോകുമ്പോഴുണ്ടാകുന്ന കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറി മണ്ണ് ഇടിഞ്ഞ് വീണ് കര നശിക്കുന്നത് പതിവാണ്. കര സംരക്ഷിക്കാൻ പ്രദേശവാസികൾ ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രദമാവാറില്ല.
കരിങ്കൽഭിത്തി കെട്ടണം
തീര സംരക്ഷണത്തിനായി ഇറക്കി അട്ടിയിടുന്ന മണ്ണ് തിരമാലകൾ കവരുന്നത് പതിവ്
കര പൂർണമായും സംരക്ഷിക്കാൻ കരിങ്കൽ ഭിത്തി കെട്ടണം
700 മീറ്റർ നീളത്തിൽ തീര സംരക്ഷണഭിത്തി നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും
ഫണ്ടിന് മൈനർ ഇറിഗേഷൻ ഹാർബർ എഞ്ചിനീയറിഗ് വകുപ്പുകൾ മുൻകൈ എടുക്കണം
ഗ്രാമ പഞ്ചായത്തും നാട്ടുകാരും നിരവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും ഇതു വരെ നടപടിയൊന്നും ഉണ്ടായില്ല. അധികൃതരുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങൾ
പ്രദേശവാസികൾ