ocr
28ാം ഓണം

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവം 12ന് നടക്കും. ഉയത്തിലും വണ്ണത്തിലും തലയെടുപ്പിലും പരസ്പരം മത്സരിക്കുന്ന നൂറുകണക്കിന് കെട്ടുകാളകൾ അന്നേദിവസം ഓച്ചിറ പടനിലത്ത് എത്തിച്ചേരും. ഭീമാകാരങ്ങളായ കെട്ടുകാഴ്ചകളാണ് കരക്കാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്.

കന്നിമാസത്തിലെ തിരുവോണ ദിവസമാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. ശിവപാർവതി സങ്കൽപ്പത്തിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ള ഇരട്ടകാളകളെ അന്നേദിവസം കരക്കാർ പടനിലത്തിലേക്ക് എഴുന്നള്ളിക്കും. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി പടർന്നുകിടക്കുന്ന 52 കരകളിൽ നിന്നുള്ള ഇരുനൂറോളം കെട്ടുകാളകൾ അണിനിരക്കും. കൈവെള്ളയിൽ ഒതുങ്ങന്നത് മുതൽ ഭീമാകാരങ്ങളായ കെട്ടുകളകൾവരെ അന്നേദിവസം പടനിലത്ത് എത്തിച്ചേരും.

കെട്ടുകാളകൾ കരക്കാർക്ക് സ്വന്തം

മിക്ക കെട്ടുകാളകളും കരക്കാർക്ക് സ്വന്തമാണ്. ഏഴിലം പാലയിലോ, ഊറാവിലോ നിർമ്മിച്ച ശിരസുകളാണ് കെട്ടുകാളകളുടെ മുഖ്യ ആകർഷണം. പഞ്ചവർണങ്ങൾ ചാലിച്ചെഴുതിയ ശിരസുകൾ ആരെയും ആകർഷിക്കും. ഞക്കനാൽ കരയുടെ 'വിശ്വപ്രജാപതി ഓണാട്ടുകതിരവന്റെ' ശിരസിന്റെ പൊക്കം 17 അടിയാണ്. ആകെ ഉയരം അറുപത് അടിയും. 55 അടി ഉയരമുള്ള മാമ്പ്രകന്നേൽ യുവജനസമിതിയുടെ 'ഓണാട്ട് കതിരവനാണ്' ഉയരത്തിൽ രണ്ടാമൻ. കൊറ്റമ്പള്ളി, മേമന, പുതുപ്പള്ളി, കൃഷ്ണപുരം, കൊച്ചുമുറി കരക്കാരും സ്വന്തമായി നിർമ്മിച്ച കൂറ്റൻ കെട്ടുകാളകളെ ഉത്സവത്തിനായി എഴുന്നള്ളിക്കുന്നു.

ഒരുക്കങ്ങൾ ചിങ്ങം മുതൽ

കെട്ടുകാളകളുടെ നിർമ്മാണം ഓണത്തിന് മുമ്പേ ആരംഭിക്കും. ചട്ടം കൂട്ടലാണ് ആദ്യ ചടങ്ങ്. ആഞ്ഞിലിയും ഇരുമ്പും ചേർത്ത് നിർമ്മിച്ച കെട്ടുകാളയുടെ ഉടൽ കൂട്ടിയോജിപ്പിക്കും. തുടർന്ന് ഇവ കൈക്കോൽ പൊതിഞ്ഞ് ഉടൽനിർമ്മാണം പൂർത്തിയാക്കുന്നു. വെള്ളയും ചുവപ്പും നിരത്തിലുള്ള തുണി അണിയിച്ചശേഷം ശിരസ് ഉറപ്പിക്കും. ക്രയിൻ ഉപയോഗിച്ചാണ് ശിരസ് ഉയർത്തുന്നത്. തുടർന്ന് സ്വർണ നെറ്റിപ്പട്ടവും ഓട്ടുമണികളും പുഷ്മമാലകളും അണിയിച്ചാൽ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് സജ്ജമായി.

കഞ്ഞി സദ്യ

കെട്ടുകാളകളുടെ നിർമ്മാണം ആരംഭിക്കുന്ന ദിവസം മുതൽ തന്നെ കരകളിൽ കഞ്ഞിസദ്യ ആരംഭിക്കും. മുതിര, പയർ, അസ്ത്രം എന്നിവയിലൊന്ന് കറിയായി നൽകും. ഒപ്പം പർപ്പിടകവും അച്ചാറും. പായസം, പുഴുക്ക് വിതരണം, സമൂഹ സദ്യ എന്നിവയും ഉണ്ടാകും.

ഘോഷയാത്ര

ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിലെ ഏറ്റവും വർണാഭമായ ചടങ്ങ് ശിരസും വഹിച്ചുള്ള കരചുറ്റി ഘോഷയാത്രയാണ്. ശിരസ് ഉറപ്പിക്കുന്നതിന് മുമ്പായാണ് അലങ്കരിച്ച ശിരസും നെട്ടിപ്പട്ടവും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി കര കാണിക്കൽ ചടങ്ങ് നടക്കുന്നത്.

ഇരുത്തിയെട്ടാം ഓണദിവസം പടനിലത്തേക്ക്

വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഇരുത്തിയെട്ടാം ഓണദിവസം രാവിലെ മുതൽ തന്നെ പടനിലത്തേക്ക് കെട്ടുകാളകളുടെ എഴുന്നള്ളത്ത് ആരംഭിക്കും. വലിയ കെട്ടുകാളകളെ പടനിലത്ത് എത്തിക്കുന്നത് ക്രെയിനുകളുടെ സഹായത്തിലാണ്. രാവിലെ പുറപ്പെട്ടാൽ പോലും പല വമ്പൻ കെട്ടുകാളകളും രാത്രിയോടുകൂടി മാത്രമേ പടനിലത്ത് എത്തിച്ചേരുകയുള്ളു.