
കൊല്ലം: വേണാട് സഹോദയ കോംപ്ലക്‌സ് വേണാട് കലോത്സവം 2024 'ക്രെഡൻസ്' സ്റ്റേജിതര ഇനങ്ങൾ തഴുത്തല നാഷണൽ പബ്ലിക് സ്‌കൂളിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്‌തു. ഒന്നാം ദിവസം പിന്നിട്ടപ്പോൾ 219 പോയിന്റോടെ ടി.കെ.എം പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനത്തും 200 പോയിന്റുമായി അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ രണ്ടാം സ്ഥാനത്തും 191 പോയിന്റുമായി ഐശ്വര്യ പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനത്തുമെത്തി. സ്റ്റേജ് ഇനങ്ങൾ അഞ്ചൽ ശബരിഗിരി സ്‌കൂളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഡോ. കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനായി. രക്ഷാധികാരി ഡോ. വി.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് കലാമാമാങ്കത്തിന് തിരശീല വീഴും. സമാപന സമ്മേളനത്തിൽ മുഖ്യാതിഥി സിനിമ - സീരിയൽ താരം ദിനേശ് പണിക്കർ സമ്മാനദാനം നിർവഹിക്കും. 32 സ്‌കൂളുകളിൽ നിന്ന് 3500 കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.