കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ പ്രതിഭാസംഗമം, പൂജവയ്പ്, സംഗീത-കാവ്യാർച്ചന, വിദ്യാരംഭം, പാട്ടൊരുക്കം എന്നീ പരിപാടികളോടെ 11, 12, 13 തീയതികളിൽ വിജയദശമി ആഘോഷിക്കും. 11ന് വൈകിട്ട് 6ന് നടക്കുന്ന പ്രതിഭാസംഗമം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.എസ്.ബൈജു അദ്ധ്യക്ഷനാകും. എൻ.ശിവശങ്കരപിള്ള സ്മാരക അവാർഡ് സ്പീക്കർ, പി.രാജേന്ദ്രന് സമർപ്പിക്കും. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക ലൈബ്രേറിയൻ അവാർഡ് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞിക്കൃഷ്ണൻ, വി.ഉണ്ണിക്കൃഷ്ണൻ നായർക്ക് നൽകും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി.ജഗതിരാജ്, സ്‌കൈ ഡൈവിംഗിൽ മൂന്ന് ലോകറെക്കാഡിന് ഉടമയായ ജിതിൻ വിജയൻ എ.ഡി.എം, ജി.നിർമ്മൽ കുമാർ ഉൾപ്പടെ 14 പേരെ നവോദയം പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് അവാർഡുകൾ നൽക്കും. കെ.രവീന്ദ്രൻ സ്മാരക ജില്ലാതല ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് മേയർ പ്രസന്ന ഏണസ്റ്റ് സമ്മാന വിതരണം നടത്തും. കോർപ്പറേഷൻ കൗൺസിലർമാരായ സ്വർണമ്മ, ഗിരിജ സന്തോഷ്, സിന്ധുറാണി, ലൈബ്രറി കൗൺസിൽ തൃക്കടവൂർ മേഖലാ കൺവീനർ എൻ.ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേരും. തുടർന്ന് ഗായകരായ വി.ടി.മുരളി, ആനയടി പ്രസാദ് എന്നിവർ ചേർന്നൊരുക്കുന്ന പാട്ടൊരുക്കം.
12ന് ഗ്രന്ഥശാലാ ജനരഞ്ജിനി ഹാളിൽ വൈകിട്ട് 6 മുതൽ യുവ പ്രതിഭകൾ നയിക്കുന്ന സംഗീത ഗാനാർച്ചന. 13ന് രാവിലെ 7.30ന് ഡോ. എസ്.ശ്രീനിവാസൻ കുട്ടികളെ എഴുത്തിനിരുത്തും.