കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിൽ പരക്കം പായുന്ന സ്വകാര്യ ബസുകൾ അപകടങ്ങൾ തുടർക്കഥയാക്കിയിട്ടും അധികൃതർ അനങ്ങുന്നില്ല. വ്യാഴാഴ്ച ഒരു ജീവൻ പൊലിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

സ്കൂട്ടർ യാത്രികനായ കടപുഴ മൂലശേരിയിൽ പി. അനിൽകുമാറാണ് (57) ബസിടിച്ച് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അമിത വേഗത്തിൽ ഡ്രൈവ് ചെയ്തതാണ് അപകട കാരണമെന്ന് നാട്ടുകാ‌ർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഇനിയും ഉണ്ടായിട്ടില്ല. മാസങ്ങളായി ഈ റൂട്ടിൽ ബസുകളുടെ ചീറിപ്പായലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ പിന്നിലോ മുന്നിലോ ഉണ്ടായാൽ മത്സരത്തിന്റെ വാശികൂടും. സ്വകാര്യ ബസുകൾ തമ്മിൽ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സർവീസ് നടത്തുന്നത്. ഇവരുടെ മത്സര ഓട്ടവും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇതിനൊപ്പമാണ് അലക്ഷ്യമായ ഡ്രൈവിംഗും.

കൊട്ടാരക്കര- പുത്തൂർ റോഡിൽ ബസുകളുടെ മത്സര ഓട്ടം നിരന്തരം അപകടങ്ങളുണ്ടാക്കുന്നു. മുൻപ് നാട്ടുകാർ റോഡിലിറങ്ങി പ്രതികരിച്ചിരുന്നു. പിന്നീട് അത് നിന്നു. അമിതവേഗത്തിലോടുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം

നാട്ടുകാർ