ഓയൂർ: ഇളമ്മാട് പഞ്ചായത്തിൽ ചെറിയ വെളിനല്ലൂർ ശ്രീ ആയിരവില്ലി പാറ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കും സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രമീള, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി.ആർ. റെജി എന്നിവർ ആയിരവില്ലി പാറ സന്ദർശിച്ചു.

മുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിൽ 62 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പാറയാണ് ആയിരവില്ലി പാറ. കിഴക്ക് ഭാഗത്ത് ആറ് ഏക്കറോളം നിബഡമായ ചെറു വനമാണ്. മുകൾ ഭാഗം ഹെലികോപ്ടർ ഇറങ്ങാൻ കഴിയുന്ന നിരന്ന പ്രദേശവും. വലിയ ടൂറിസം വികസന സാദ്ധ്യതകളാണ് ഇവിടെയുള്ളത്. ഇക്കോ ടൂറിസത്തിനും അഡ്വഞ്ചർ ടൂറിസത്തിനും തീർത്ഥാടന ടൂറിസത്തിനും അനുയോജ്യമായ പ്രദേശമാണിവിടം. ആയിരവില്ലി പാറയിൽ ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകളാണുള്ളതെന്നും ഇക്കാര്യം സർക്കാരി​ന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ടൂറിസം വകുപ്പ് സംഘാംഗങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി പി.ജെ. ചാക്കോ, സെക്രട്ടറി ആർ. ശിവശങ്കരപിള്ള, ട്രഷറർ ആർ. മധു, ജോ. സെക്രട്ടറി എ. ബദറുദ്ദീൻ എന്നിവരുമുണ്ടായി​രുന്നു.