കൊല്ലം: നൂറുകണക്കിന് യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് പുതിയ കൊല്ലം-എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ വേണാടിന് ശേഷം രാവിലെ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പുതിയ പാസഞ്ചർ / മെമ്മു ട്രെയിൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനറർ മാനേജർ ഉറപ്പ് നൽകിയിരുന്നു. സർവീസ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പെരിനാട് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. വിഷയം എം.പി ടെലിഫോണിലൂടെ ചർച്ച ചെയ്തതിന്റെ അടിയസ്ഥാനത്തിൽ സ്റ്റോപ്പ് പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു. പുതിയ സർവ്വീസ് ആരംഭിക്കുന്ന ദിവസം മുതൽ സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 7ന് കൊല്ലത്ത് നിന്നാരംഭിക്കുന്ന പുതിയ ട്രെയിൻ സർവീസിന് വമ്പിച്ച സ്വീകരണം നൽകുമെന്നും എം.പി അറിയിച്ചു.