കൊല്ലം: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേർന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചവർ പിടിയിൽ. മുക്കാട് ഫാത്തിമ ഐലൻഡ് അനീഷ് ഭവനിൽ അനീഷ് (35), നീണ്ടകര, ജോയിന്റ് ജംഗ്ഷനിൽ ജോഷി ഡെയിലിൽ ജോയ് എന്ന അൽഫോൺസ് (58) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 19ന് ഉച്ചയ്ക്ക് 2.30ന് നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്റെ, പണി പുരോഗമിക്കുന്ന വീട്ടുമുറ്റത്ത് പ്രതികൾ ഉൾപ്പെട്ട സംഘം അതിക്രമിച്ച് കയറിയ ശേഷം ടാപ്പിൽ നിന്നു വെള്ളമെടുത്ത് മദ്യപിക്കാൻ ശ്രമിച്ചു. ബൈജു തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ മർദ്ദിക്കുകയായിരുന്നു. ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്രു. ഒളിവിൽ പോയ പ്രതികളെ ചവറ ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.