കൊല്ലം: വ്യവസായ രംഗത്തുണ്ടാകുന്ന പുരോഗതിക്ക് പ്രവാസി സംരംഭകരുടെ സംഭാവന വളരെ വലുതാണെന്നും അത് മറക്കാൻ കഴിയില്ലെന്നും മന്ത്രി പി.രാജീവ്. വി.ഗംഗാധരൻ സ്‌മാരക ട്രസ്‌റ്റ് അവാർഡ് ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ വീട്ടമ്മമാർ നിരവധിയുള്ള നാടാണ് കേരളമെന്നും ഇവർക്ക് വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാനും സംരംഭങ്ങൾ തുടങ്ങാനുമുള്ള അവസരം സർക്കാർ നൽകുന്നുണ്ടെന്നും കേരളത്തിൽ 3 ലക്ഷം സംരംഭങ്ങൾ രണ്ടര വർഷത്തിനുള്ളിൽ ആരംഭിച്ചതായും അതിൽ 95,000 വനിതാ സംരംഭങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവാർഡ് ദാന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് കേരളത്തിലെ ഭൂമികളുടെ നികുതി വിദേശത്തിരുന്ന് ഈ മാസം മുതൽ ഓൺലൈനായി അടയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി.ഗംഗാധരൻ സ്‌മാരക ട്രസ്‌റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്‌ടറുമായ ജെ.കെ.മേനോൻ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം. മുൻ നിയമസഭാ സ്‌പീക്കറും സ്വാതന്ത്ര്യ സമര സേനാനിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായിരുന്ന വി.ഗംഗാധരന്റെ സ്‌മരണാർത്ഥം കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ളതാണ് ട്രസ്‌റ്റ്. ട്രസ്‌റ്റ് ചെയർമാൻ അഡ്വ. ജി.സത്യബാബു അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ സി.എം.ഡിയും വി.ഗംഗാധരന്റെ മകനുമായ ഡോ. ജി.രാജ്‌മോഹൻ പ്രശസ്‌തി പത്രം അവതരിപ്പിച്ചു. കൊല്ലം നഗരത്തിലെ 100 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാ‌ർഡും സർട്ടിഫിക്കറ്റും വിദ്യാഭ്യാസ സ്‌കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു. കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ ജീവകാരുണ്യ പദ്ധതിയായ ഓർമ്മ ക്ലിനിക്കിന് നേതൃത്വം നൽകുന്ന ഡോ.അമീൻ ആസാദിനെ ചടങ്ങിൽ ആദരിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ സംസാരിച്ചു.