 
തൊടിയൂർ: ശുചിത്വകേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി.
ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി , 2025 മാർച്ച് 30ന് സീറോവേസ്റ്റ് ദിനമായി അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 23 വാർഡുകളിലായി നടപ്പിലാക്കുന്നത്. ചേലക്കോട്ടുകുളങ്ങര സ്നേഹാരാമം പാർക്കിൽ നിന്ന് തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയർമാരും ഹരിതകർമ സേനയും ജനപ്രതിനിധികളും ചേർന്ന് നടത്തിയ വർണാഭമായ ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ ആക്ടിവിറ്റി ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ഹരിതകർമ സേന അംഗങ്ങളെ ആദരിക്കലും എം.എൽ.എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.ഒ.കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ധർമദാസ്, ടി.ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, എൽ.ജഗദമ്മ, സെക്രട്ടറി സി.ഡമാസ്റ്റൻ,അസിസ്റ്റന്റ് സെക്രട്ടറി സുനിത, ഹെഡ്മിസ്ട്രസ് എസ്.സുസ്മി, പി.ടി.എ പ്രസിഡന്റ് ജി.അജിത്കുമാർ, എസ്.എം.സി.ചെയർമാൻ എസ്.ഉണ്ണികൃഷ്ണൻ, എൻ.എസ്.എസ് പ്രോഗ്രാംഓഫീസർ എ.അരുൺ, ജാൻസി ജോബ് എന്നിവർ സംസാരിച്ചു.