കൊല്ലം: കൊല്ലം-തേനി ദേശീയപാത 16 മീറ്ററിൽ വികസിപ്പിക്കുന്നതിനൊപ്പം ബൈപ്പാസ് നിർമ്മിക്കാനും ആലോചന. കൊല്ലം-തേനി പാതയുടെ സ്ഥലമേറ്റെടുപ്പിനുള്ള ത്രി എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി അടുത്തമാസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിൽ പുതിയ ബൈപ്പാസിനുള്ള ശുപാർശ ചർച്ച ചെയ്യും.

കൊല്ലം-തേനി പാത വികസനത്തിന്റെ കൺസൾട്ടന്റായ സ്വകാര്യ കമ്പനിയാണ് ബൈപ്പാസിനുള്ള ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. കമ്പനി കുറഞ്ഞത് നാല് ശുപാർശകളെങ്കിലും അവതരിപ്പിക്കും. അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത. ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം റീജിണൽ ഓഫീസർ യോഗത്തിൽ പങ്കെടുക്കും. പെരിനാട് നിന്ന് ആരംഭിച്ച് ഭരണിക്കാവ് വരെയുള്ള ബൈപ്പാസിനാണ് കൂടുതൽ സാദ്ധ്യത. ഈ യോഗത്തിന് പിന്നാലെ ത്രി എ വിജ്ഞാപനം പുറപ്പെടുവിച്ച് ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് ആരംഭിക്കും. ഇതിന് സമാന്തരമായി ബൈപ്പാസിനുള്ള വിശദ പഠനവും നടക്കും.

ഒന്നേകാൽ വർഷത്തിന് ശേഷമാണ് കൊല്ലം- തേനി ദേശീയപാത വികസനത്തിനുള്ള നടപടി വീണ്ടും സജീവമാകുന്നത്. 2023 ജൂണിൽ സ്ഥലമേറ്റെടുപ്പ് വിഭാഗത്തെ നിയോഗിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. അലൈൻമെന്റ് അന്തിമമാക്കിയതിന് പിന്നാലെ മുംബയ് ആസ്ഥാനമായുള്ള കൺസൾട്ടന്റുമായുള്ള ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കരാർ കാലാവധി അവസാനിച്ചതാണ് വിനയായത്. അടുത്തിടെ ഈ കമ്പനിയുമായുള്ള കരാർ പുതുക്കിയിരുന്നു.

വികസനം ഇങ്ങനെ

(കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ)

നീളം - 54 കിലോ മീറ്റർ

വീതി - 16 മീറ്റർ

രണ്ട് വരിപ്പാത - 7.5 മീറ്ററിൽ

നടപ്പാത - 1.5 മീറ്റർ വീതം വീതിയിൽ

ജില്ലയിൽ ഏറ്റെടുക്കേണ്ടത് - 11 ഹെക്ടർ

ഭരണിക്കാവിൽ - 640 മീറ്ററിൽ രണ്ട് വരി ഫ്ലൈ ഓവർ

പുതിയ ബൈപ്പാസിനുള്ള ആലോചന കൊല്ലം-തേനി ദേശീയപാത വികസനത്തെ ബാധിക്കില്ല.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അധികൃതർ