കൊല്ലം: ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം മഴ ചതിച്ചില്ലെങ്കിൽ ഒന്നരമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇടവിട്ട് പെയ്ത മഴയെ തുടർന്ന് നിറുത്തിവച്ചിരുന്ന ട്രാക്കിന്റെ ടാറിംഗ് ജോലികൾ മൂന്ന് ദിവസം മുമ്പാണ് പുനരാരംഭിച്ചത്.

ട്രാക്കിന്റെ കോൺക്രീറ്റ് ഇടലും ഓട നിർമ്മാണവും പൂ‌ർത്തിയായി. 400 മീറ്റർ നീളത്തിൽ എട്ട് ലൈനുകളുള്ള ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ഡബിൾ ബൈൻഡ് ട്രാക്കാണ് ഒരുങ്ങുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. കിറ്റ്കോയാണ് നി‌ർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല. ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ജൂണിലാണ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണം ആരംഭിച്ചത്.

5.43 കോടിയാണ് ട്രാക്കിനായി വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ കായികമേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സിന്തറ്റിക് ട്രാക്ക്. മറ്റുസൗകര്യങ്ങൾ ഉണ്ടെങ്കിലും സിന്തറ്രിക് ട്രാക്ക് ഇല്ലാത്തത് കായിക മേളകളും മത്സരങ്ങളും ജില്ലയിലേക്ക് കൊണ്ടുവരുന്നതിൽ തടസമായിരുന്നു. എന്നാൽ പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളും മീറ്രുകളും അടക്കം നടത്താനായി ജില്ല പൂർണമായും സജ്ജമാകും. സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം തുടങ്ങിയതോടെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം അടച്ചിട്ടിരുന്നു.

അറ്റകുറ്റപ്പണിയും

കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന്റെ ഗാലറിയുടെയും പവലിയന്റെയും അറ്റകുറ്റ പണികളും പുരോഗമിക്കുകയാണ്. പെയിന്റടി ഉൾപ്പടെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. 3.30 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. മറ്റു പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അടച്ചിട്ട കാലത്ത് വളർന്ന കാടും വെട്ടിവൃത്തിയാക്കും.

ഫ്ലഡ് ലൈറ്റും ഫുട്ബാൾ ടർഫും സജ്ജമാകും

സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാകുന്ന പക്ഷം ഫ്ലഡ് ലൈറ്റും ഫുട്ബാൾ നാച്വറൽ ടർഫും മത്സരത്തിന് എത്തുന്നവർക്ക് വാം അപ് ചെയ്യാനും പരിശീലിക്കാനുമുള്ള പ്രാക്ടീസ് ട്രാക്കും തയ്യാറാകും. ദേശീയ മത്സരങ്ങൾക്കുള്ള വേദികളിൽ എട്ട് ട്രാക്കുകൾക്ക് പുറമേ 70 മീറ്റർ നീളമുള്ള പ്രാക്ടീസ് ട്രാക്കാണ് പണിയുക. 5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടെണ്ടർ നടപടികൾക്ക് മുന്നോടിയായി പി.‌ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി.

സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഡിയം തുറന്നു നൽകും.

ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ