കൊല്ലം: കാവൽ - കോത്തലവയൽ റോഡ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നവീകരിച്ചപ്പോൾ വെള്ളക്കെട്ട് മറ്റൊരിടത്തായി. ഇതോടെ നാട്ടുകാരുടെ ദുരിതം പുതിയ രൂപത്തിലായി.

പൊട്ടിപ്പൊളിഞ്ഞ് ഉണക്കത്ത് പൊടിശല്യവും മഴയത്ത് വെള്ളക്കെട്ടും മൂലം ദുരിതമനുഭവിച്ചിരുന്ന കോത്തലവയൽ ഭാഗം സഞ്ചാരയോഗ്യമായപ്പോൾ വെള്ളക്കെട്ട് കാവൽ ജംഗ്‌ഷനിലേക്ക് മാറിയതോടെ തിരക്കേറിയ ജംഗ്‌ഷൻ കുളമായി. ഇപ്പോൾ ഇടവിട്ട് പെയ്യുന്ന നേരിയ മഴയിലും ജംഗ്‌ഷനിൽ മുമ്പെങ്ങുമില്ലാത്ത വിധം പുതിയ പ്രതിഭാസമായി വെള്ളക്കെട്ട് മാറി.

നാല് റോഡുകളുടെ സംഗമ കേന്ദ്രമായ കാവൽ ജംഗ‌്ഷൻ മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്നതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത് വ്യാപാര സ്ഥാപനങ്ങളാണ്. കഴിഞ്ഞ മഴയത്ത് ഇത് ഏറെ ദുരിത പൂർണമായിരുന്നു.

കോടികൾ മുടക്കി ഹൈടെക് റോഡ് പണിതിട്ടും ജംഗ്‌‌ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാത്തത് പ്രവൃത്തിയുടെ മേൽനോട്ടം വഹിച്ച ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വെള്ളക്കെട്ട് മൂലം കാവൽ ജംഗ്‌ഷനിൽ നിന്ന് കോത്തലവയൽ ഭാഗത്തേക്കും അഞ്ചുകല്ലുംമൂട്ടിലേക്കുമുള്ള യാത്ര ദുഷ്‌കരമാകുന്നു. രണ്ട് പ്രമുഖ സ്‌കൂളുകൾ പ്രവർത്തിക്കുന്ന തങ്കശേരിയിൽ ഇത് മൂലം ഗതാഗത കുരുക്കുണ്ടാകുന്നു.

കെ. രാജേന്ദ്രൻ, സെക്രട്ടറി

കാവൽ നഗർ

റോഡ് മുറിച്ച് ഓട നിർമ്മിച്ച് തീരദേശത്തേക്ക് വെള്ളമൊഴുക്കുന്നതിനുള്ള ജോലി ടെണ്ടർ ചെയ‌്‌തത് രണ്ടുതവണ ആരും ഏറ്റെടുത്തില്ല.15 മീറ്റർ ദൈർഘ്യമാണുള്ളത്. കരാറായിട്ടുണ്ട്. പണി ഉടൻ ആരംഭിക്കും. ഇതോടെ പ്രശ്‌നത്തിന് പരിഹാരമാകും.

ഹാർബർ എൻജിനിയറിംഗ് അധികൃതർ