കൊല്ലം: കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം കൊല്ലം ഹോട്ടൽ ഷാ ഇന്റർ നാഷണിൽ നടന്നു. കേരളത്തിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യോഗം വിലയിരുത്തി. ആഗസ്റ്റിലെ വേതനം ഇതുവരെയും വ്യാപാരികൾക്ക് ലഭ്യമായിട്ടില്ല. കിറ്റ് കമ്മിഷൻ തുക ഗവ. വിലയിരുത്തിയെങ്കിലും ഭൂരിഭാഗം വ്യാപാരികൾക്കും ലഭിച്ചിട്ടില്ല. അതിന് ധനകാര്യ വകുപ്പ് കനിയണം. വേതന പാക്കേജ് പരിഷ്കരണം, ക്ഷേമനിധി, കെ.ടി.പി.ഡി.എസ് നിയമം, ഇതര വിഷയങ്ങൾ അടിയന്തരമായി ചർച്ചചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പറഞ്ഞെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. കിറ്റ് കമ്മിഷൻ ലഭിക്കുന്നതിന് ഇനിയും കാല താമസം ഉണ്ടായാൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ അദ്ധ്യക്ഷനായി. ട്രഷറർ വി.അജിത്ത് കുമാർ, തൈക്കൽ സത്താർ, ശിവദാസ്, കളരിക്കൽ ജയപ്രകാശ്, ബഷീർ, ജയിംസ് വാഴക്കാല, പ്രമോദ്, തോമസ് വർഗീസ്, സൈദുദ്ദീൻ, എസ്.സദാശിവൻ നായർ, വേണുഗോപാൽ ശിശുപാലൻ നായർ, കെ.സി.സോമൻ, എം.ഡി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.