dd
ഹരിസൺ കൊല്ലം എക്സൈസ് സംഘത്തോടൊപ്പം

കൊല്ലം: കൊലക്കേസ് പ്രതി 42 കിലോ കഞ്ചാവുമായി പിടിയിൽ. പേരയം കാഞ്ഞിരോട് കോടിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹരിസണാണ് (41) എക്സൈസിന്റെ പിടിയിലായത്. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ്. എക്സൈസ് സംഘം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കുറേനാളായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് പ്രതിയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കുകളിലാക്കിയ നിലയിൽ 42.060 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം എക്സൈസ് സംഘം സമീപകാലത്ത് നടത്തിയ വൻ കഞ്ചാവ് വേട്ടയാണിത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ്, പ്രിവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാർമാരായ ബി.എസ്.അജിത്ത്, എം.ആർ.അനീഷ്, ജെ.ജോജോ, ബാലു.എസ് സുന്ദർ, പി എസ്.സൂരജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.