പടിഞ്ഞാറെകല്ലട: മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനെ സതേൺ റെയിൽവേ അവഗണിക്കുകയാണെന്ന് നാട്ടുകാ‌ർ. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലുള്ള രണ്ട് റെയിൽവേ സ്റ്റേഷനുകളാണ് ശാസ്താംകോട്ടയും മൺട്രോത്തുരുത്തും. സ്റ്റേഷൻ ആരംഭിച്ച കാലം മുതൽക്കേ പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ മിക്കവാർഡുകളിലെയും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. വർഷങ്ങളായി നിലനിന്നിരുന്ന മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ നിറുത്തലാക്കിയത് ഇരു പഞ്ചായത്തിലെയും യാത്രക്കാരെ ദുരിതത്തിലാക്കി.

പ്ലാറ്റ്ഫോം നീളം കൂട്ടണം

പ്ലാറ്റ്ഫോമിന് നീളക്കുറവ് ആണെന്ന് കാണിച്ച് കൂടുതൽ ബോഗികളുള്ള മലബാർ എക്സ്പ്രസിന്റെ സ്റ്റോപ്പ് മൺട്രോത്തുരുത്തിൽ നിറുത്തലാക്കിയത്. ഇപ്പോൾ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുവാൻ ഉള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നീളം കൂട്ടുന്ന പ്ലാറ്റ്ഫോം കണ്ണങ്കാട്ട് കടവ് വരെ ദീർഘിപ്പിച്ചാൽപെരുമൺ കണ്ണങ്കാട് പാലങ്ങളുടെ വരവോടെ പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കും.

മെമുവിന് സ്റ്റോപ്പില്ല

കൊല്ലം , എറണാകുളം റൂട്ടിൽ നാളെ മുതൽ പുതുതായി സർവീസ് ആരംഭിക്കുന്ന സ്പെഷ്യൽ മെമു ട്രെയിനിന് മൺട്രോ തുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്തതും അവഗണനയുടെ പട്ടികയിൽ പെടുന്നു.

കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൺട്രോത്തുരുത്ത് പ്രദേശങ്ങളിലെ ആളുകൾ തിരുവനന്തപുരം , എറണാകുളം ഭാഗത്തേക്ക് പഠിക്കാനായും ജോലിക്കായും മറ്റും പോകുന്നതിന് മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. മെമു ട്രെയിനുകൾക്ക് സാധാരണ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് നൽകാറുള്ളതാണ്. എന്നാൽ പുതിയതായി അനുവദിച്ച മെമുവിന് മൺട്രോത്തുരുത്തിൽ സ്റ്റോപ്പ് അനുവദിച്ചില്ല. സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.

അഡ്വ: ഷീജാ വിനോദ്, കോതപുരം

പെരുമൺ,കണ്ണങ്കാട് പാലങ്ങൾ പൂർത്തിയാകുന്നതോടെ ,കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനായി മൺറോതുരുത്ത് മാറും. മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന മലബാർ, ഗുരുവായൂർ ട്രെയിനുകൾക്കും പുതിയ മെമു ട്രെയിനിനും സ്റ്റോപ്പ് അനുവദിക്കണം.

വിനോദ് പി.ആറ്റുപുറം.

മുൻ അഡീഷണൽ ഡയറക്ടർ

പബ്ലിക് റിലേഷൻസ് വകുപ്പ്.പ്രദേശവാസി