ഓടനാവട്ടം: സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സയൻസ് (സി.ആർ.എച്ച്.എസ്) സെമിനാറും പ്രതിഭകളെയും ആദരിക്കലും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2ന് ഓടനാവട്ടം കോ-ഓപ്പറേറ്റീവ് ബാങ്ക് ഓ‌ഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.ആർ.എച്ച്.എസ് പ്രസിഡന്റ് ഡോ. എൻ.വിശ്വരാജൻ അദ്ധ്യക്ഷനാകും. മാതൃകാദ്ധ്യാപികയും പരിസ്ഥിതി ശാസ്ത്രജ്ഞയും എഴുത്തുകാരിയും കവയിത്രിയുമായ ഡോ. ഷേർലി.പി. ആനന്ദ് 'ആഗോളതാപനം- പ്രശ്നങ്ങളും പ്രതിവിധിയും" എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും. സി.ആർ.എച്ച്.എസ് വൈസ് പ്രസിഡന്റ് ഡോ. ജി. സഹദേവൻ മോഡറേറ്ററാകും.

പരവൂർ എസ്.എൻ സെൻട്രൽ സ്കൂൾ മുൻ സെക്രട്ടറി കെ.സദാനന്ദൻ, ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി കൺവീനർ അ‌ഡ്വ. വി.കെ.സന്തോഷ് കുമാർ, മുതിർന്ന പത്രപ്രവർത്തകൻ പല്ലിശ്ശേരി, കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ. ജി.രഘുകുമാർ, ജോ. എക്സൈസ് കമ്മിഷണറും സ്റ്റേറ്റ് ട്രെയിനിംഗ് അക്കാഡമി തൃശൂർ റിട്ട. പ്രിൻസിപ്പലുമായ കെ.മോഹനൻ, ഡോ. ജോർജ് തോമസ്, ജേക്കബ് പണയിൽ, ഡോ. വി.എസ്.ഹരിലക്ഷ്മി തുടങ്ങിയവർ ചർച്ച നയിക്കും.

പരിസ്ഥിതി പഠന ഗവേഷണ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഡോ. ഷേർലി.പി.ആനന്ദ്, മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടിയ എസ്.നവമി എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മറുപടി.

സി.ആർ.എച്ച്.എസ് സെക്രട്ടറി എം.കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതവും ഡോ. കിരൺ രവീന്ദ്രൻ നന്ദിയും പറയും.