
കൊല്ലം: ബിവറേജസ് കോർപ്പറേഷൻ വെയർ ഹൗസുകൾ വിഭജിച്ച് ബെവ്‌കോയ്ക്ക് ബാദ്ധ്യതകൾ ഉണ്ടാക്കി, വെയർ ഹൗസുകളിലെ ചുമട്ട് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം വരുത്തുന്നത് വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ സമരം ഉണ്ടാകുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ബിവറേജസ് കോർപറേഷന്റെ കൊല്ലം കരിക്കോട് വെയർഹൗസിന് മുന്നിൽ തൊഴിൽ വിഭജനത്തിനെതിരെ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റുമാരായ പനയം സജീവ്, ബി. ശങ്കരനാരായണപിള്ള, യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ നിസാർ പാലവിള, വിനോദ് കോണിൽ, ഐ.എൻ.ടി.യു.സി നേതാക്കളായ അസീസ് കൊറ്റങ്കര, എം.ജി. ജയകൃഷ്ണൻ, കൊല്ലങ്കാവിൽ ജയശീലൻ, അയത്തിൽ ശ്രീകുമാർ, ഷെമീർ ചാത്തിനാംകുളം, ഷെഫീക്ക് കിളികൊല്ലൂർ, ടി.കെ. രമേശൻ, കുണ്ടറ ഷെറഫ്, മണ്ഡലം ശ്രീകുമാർ, കരിക്കോട് ഷെറഫ് തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി കരിക്കോട് വെയർഹൗസ് പൂൾ ലീഡർമാരായ പ്രേംഷാ, നിസാർ, സിദ്ദിഖ്, അനിൽകുമാർ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.