കൊട്ടാരക്കര: ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ വാക്സിന് കടുത്തക്ഷാമം. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജെനീവാക് ബി വാക്സിനാണ് മഞ്ഞപ്പിത്തത്തിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ വാക്സിൻ ലഭ്യമല്ലെന്നാണ് മരുന്ന് കടക്കാരും വിതരണ ഏജൻസികളും പറയുന്നത്.
ജെനീവാക് ബി കഴിഞ്ഞാൽ കൂടുതലായി ഉപയോഗിക്കുന്നത് ഗ്ളാക്സോ കമ്പനിയുടെ എൻജറിക്സ് ബി എന്ന വാക്സിനാണ്. എന്നാൽ ഇതും മാർക്കറ്റിൽ ഇപ്പോൾ ലഭ്യമല്ല. നിർമ്മാതാക്കൾ ഉത്പാദനം നിറുത്തിവച്ചതാണ് ക്ഷാമത്തിന് കാരണമായി വിതരണക്കാർ ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ ആശുപത്രികളിൽ പലവിധ ജനറിക് മെഡിസിനുകൾ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ അതും സുലഭമല്ലെന്ന് പരാതിയുണ്ട്. സർക്കാർ ആശുപത്രികൾ കൂടാതെ സ്വകാര്യ ആശുപത്രികളിലും വാക്സിൻ കിട്ടാനില്ല. നവജാത ശിശുക്കൾ, മെഡിക്കൽ- നഴ്സിംഗ് വിദ്യാർത്ഥികൾ, വിദേശത്തേക്ക് പോകുന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് വാക്സിൻ നിർബന്ധമാണ്. സർക്കാരും ആരോഗ്യ വകുപ്പും വേണ്ടത്ര താത്പര്യം കാണിച്ച് മഞ്ഞപ്പിത്ത പ്രതിരോധ മരുന്നിന്റെ വിതരണം ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്
 വാക്സിൻ ലഭിക്കാത്തതിനാൽ രോഗികളും ബുദ്ധിമുട്ടുന്നു
 ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളെ ബാധിക്കും
 പ്രതിരോധ കുത്തിവയ്പ്പെടുക്കാത്തതിനാൽ പഠനം മുടങ്ങുന്നു
 ജലജന്യരോഗമായ ഹെപ്പറ്റൈറ്റസ് ബി ജില്ലയിൽ പിടിമുറുക്കി
 വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിലും അധികൃതർക്ക് മറുപടിയില്ല
 കരളിനെ ബാധിച്ച് മരണത്തിന് കാരണമായേക്കാവുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറൈറ്റിസ് -ബി )
മഞ്ഞപ്പിത്ത പ്രതിരോധ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം. രോഗികൾ മാത്രമല്ല ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നു.
സജി ചേരൂർ ,
ജനകീയ വേദി തൃക്കണ്ണമംഗൽ
മഞ്ഞപ്പിത്ത ബാധിതരുടെ ജീവൻ നിലനിറുത്താൻ പ്രതിരോധ മരുന്ന് അടിയന്തരമായി എത്തിക്കണം.
ജോൺസൺ, ജില്ലാ പ്രസിഡന്റ്,
ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ