കൊട്ടാരക്കര: കൊട്ടാരക്കര - പുത്തൂർ റോഡിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അറുതിയുണ്ടാക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും നിരത്തിലിറങ്ങി. കഴിഞ്ഞ ദിവസം ബസുകൾ തടഞ്ഞുനിറുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗത, മത്സര ഓട്ടം ഇവയ്ക്ക് കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
പരിശോധനയും താക്കീതും
'കൊട്ടാരക്കര - പുത്തൂർ റോഡിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ' എന്ന തലക്കെട്ടോടെ കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യാഴാഴ്ച സ്കൂട്ടർ യാത്രികനായ കടപുഴ മൂലശേരിയിൽ പി. അനിൽകുമാർ (57) ബസിടിച്ച് മരണപ്പെട്ട സംഭവത്തെത്തുടർന്ന് നാട്ടുകാരുടെ പ്രതിഷേധമടക്കം ചേർത്തായിരുന്നു വാർത്ത. ഇതേത്തുടർന്ന് കൊട്ടാരക്കര ജോ.ആർ.ടി.ഒ ദിലിപിന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം പൊലീസും നിരത്തിൽ പരിശോധനയും താക്കീതുമായി എത്തുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധനകളുണ്ടാകും.