k

ചാത്തന്നൂർ: റോഡിന് കുറുകേ കടപുഴകിയ മരത്തിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പൂതക്കുളം അമ്മാരത്ത് മുക്കിലാണ് കഴിഞ്ഞ രാത്രി അപകടം. പൂതക്കുളം വയലിൽകര പുത്തൻ വീട്ടിൽ സുരേന്ദ്രൻപിള്ള-ബിന്ദു ദമ്പതികളുടെ മകൻ സോനുവാണ് (22) മരിച്ചത്. സോനുവും സുഹൃത്തായ സുജിത്തും കൂടി ഇരുചക്ര വാഹനത്തിൽ ജോലിക്കുപോയി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും ചുവട് ദ്രവിച്ചു നിന്ന പാഴ്മരം രാത്രി പത്തോടേ കടപുഴകുകയായിരുന്നു. ഇതറിയാതെ വന്ന സോനുവും സുഹൃത്തും മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സോനു സംഭവ സ്ഥലത്തു തന്നെ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ പൊലീസ് കേസെടുത്തു. സോനുവിന്റെ സഹോദരൻ സുജിത്ത്.