
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മോഡൽ വികസന പദ്ധതിയിലുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെ (എം.എൽ.സി.പി) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫയർപൈപ്പിംഗ് പൂർത്തിയായി. പ്ലാസ്റ്ററിംഗ് ജോലികൾ ഉടൻ പൂർത്തിയാകും. പെയിന്റിംഗും ഇലക്ട്രിക് ജോലികളും മറ്റു മിനുക്കുപണികളുമാണ് ബാക്കിയുള്ളത്. അഞ്ച് നിലകളുള്ള എം.എൽ.സി.പിയിൽ ഒരേ സമയം 124 കാറുകളും 260 ബൈക്കുകളും പാർക്ക് ചെയ്യാം. നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം.
55,000ചതുരശ്രയടിയിൽ 5 നിലകളിൽ നിർമ്മിക്കുന്ന തെക്ക് ഭാഗത്തെ ടെർമിനലിലെ ഒരു സെഗ്‌മെന്റിലുള്ള അഞ്ച് ഫ്ലോറിന്റെയും പാഴ്സൽ ബിൽഡിംഗിന്റെയും നിർമ്മാണവും പുരോഗമിക്കുകയാണ്. പ്രധാന കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ ഒന്നാം പ്രവേശനവാടത്തിന് സമീപത്തെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റും. ഇതിന്റെ നിർമ്മാണ ജോലികൾ നടക്കുകയാണ്.
എയർകോൺകോഴ്സാണ് പദ്ധതിയുടെ പ്രധാനആകർഷണം. പൈൽ ക്യാപും കോളം നിർമ്മാണവും പൂർത്തിയായി. 36 മീറ്റർ വീതിയിലും 120 മീറ്റർ നീളത്തിലും വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളാകും എയർകോൺകോഴ്സിൽ ഉണ്ടാവുക. രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കും. യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികൾ ഉണ്ടാകും. ഫുഡ്കോർട്ട്, എ.ടി.എമ്മുകൾ, മാളുകൾ എന്നിവയെല്ലാം ഉണ്ടാകും. യാത്രക്കാർക്ക് സുഗമമായി വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. എയർകോൺകോഴ്സ് യാഥാർത്ഥ്യമാകുന്നതോടെ പ്ലാറ്ര്‌ഫോമിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും.
സർവീസ് കെട്ടിടം ഉടൻ കൈമാറും 
സർവീസ് കെട്ടിടത്തിന്റെ ഫാൾസ് സീലിംഗ് ജോലികൾ ഉൾപ്പടെ അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ സർവീസ് കെട്ടിടം കൈമാറാനാണ് സാദ്ധ്യത. അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിൽ  27,500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം കമ്മിഷൻ ചെയ്യുന്നതോടെ പ്രധാന കെട്ടിടത്തിലുള്ള കോടതി, ആർ.പി.എഫ് ഓഫീസ്, ജി.പി.എഫ്, എസ്.എസ്.ഇ ഇലക്ട്രിക്കൽ, എസ്.എസ്.ഇ സിഗ്നൽ, എസ്.എസ്.ഇ ടെലികമ്മ്യുണിക്കേഷൻ തുടങ്ങി 22 ഓഫീസുകൾ അവിടേക്ക് മാറ്റും. തുടർന്ന് ഘട്ടംഘട്ടമായി പ്രധാന കെട്ടിടം പൊളിക്കും. 
പദ്ധതി ചെലവ് ₹ 361.18 കോടി
കരാർ നൽകിയത് - 2022 ൽ
നിർമ്മാണം പൂർത്തിയാക്കേണ്ടത് - 2026 ജനുവരി 26ന്
റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനിയറിംഗും (റൈറ്റ്സ്) ബംഗുളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
റെയിൽവേ അധികൃതർ