കൊല്ലം: ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് മാതൃകാദ്ധ്യാപികയും പരിസ്ഥിതി ശാസ്ത്രജ്ഞയും എഴുത്തുകാരിയും കവയിത്രിയുമായ ഡോ. ഷേർലി.പി. ആനന്ദ് പറഞ്ഞു. സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ 'ആഗോളതാപനം- പ്രശ്നങ്ങളും പ്രതിവിധികളും" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ. ദുരന്തനിവാരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. ആഗോളതാപനത്തിന്റെ കെടുതികൾ 2018ലെ പ്രളയം മുതൽ നമ്മൾ നിരന്തരം അനുഭവിക്കുകയാണ്. പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യന് നിയന്ത്രിക്കാനാകില്ല. എന്നാൽ താൻ അജയനാണ് എന്ന വിചാരമാണ് മനുഷ്യനുള്ളത്. ആവാസ് വ്യവസ്ഥയെ നിരന്തരം മാറ്റിമറിക്കാനാണ് മനുഷ്യൻ ശ്രമിക്കുന്നത്. അവിടെ മറ്റുജീവികളൊന്നും വിഷയമല്ല എന്ന സമീപനമാണ് സ്വീകരിക്കുന്നത്. എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി. മനുഷ്യന്റെ സ്വകാര്യസ്വത്തല്ല. ഇത് തിരിച്ചറിഞ്ഞാൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ. ലോകത്തെ തീച്ചൂളയാക്കി മാറ്റിയത് വികസിത രാഷ്ട്രങ്ങളാണെന്നും ഡോ. ഷേർലി.പി. ആനന്ദ് പറഞ്ഞു.
കേരളകൗമുദി റസിഡന്റ്സ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ആർ.എച്ച്.എസ് പ്രസിഡന്റ് ഡോ. എൻ.വിശ്വരാജൻ കുടവട്ടൂർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. ജി.സഹദേവൻ മോഡറേറ്ററായി. പരവൂർ എസ്.എൻ സെൻട്രൽ സ്കൂൾ മുൻ സെക്രട്ടറി കെ.സദാനന്ദൻ, ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി കൺവീനർ അഡ്വ. വി.കെ.സന്തോഷ് കുമാർ, മുതിർന്ന പത്രപ്രവർത്തകൻ പല്ലിശേരി, കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ. ജി.രഘുകുമാർ, ജോ. എക്സൈസ് കമ്മിഷണറും സ്റ്റേറ്റ് ട്രെയിനിംഗ് അക്കാഡമി തൃശൂർ റിട്ട. പ്രിൻസിപ്പലുമായ കെ.മോഹനൻ, ഡോ. ജോർജ് തോമസ്, ജേക്കബ് പണയിൽ, കരീപ്ര രാജൻ, അജയൻ എന്നിവർ ചർച്ച നയിച്ചു. പരിസ്ഥിതി പഠന ഗവേഷണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ. ഷേർലി.പി.ആനന്ദിനെ ഡോ. ഹരിലക്ഷ്മി പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. എൻ. മൊമെന്റോ നൽകി. മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടിയ എസ്.നവമിയെ കെ. മോഹനൻ പുരസ്കാരം നൽകി ആദരിച്ചു. സി.ആർ.എച്ച്.എസ് സെക്രട്ടറി എം.കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതവും ഡോ.കിരൺ രവീന്ദ്രൻ നന്ദിയും പറഞ്ഞു.