 
ഓച്ചിറ: അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഓച്ചിറ റെയിൽവേ സ്റ്റേഷനോട് റെയിൽവേ ഡിപ്പാർട്ട്മെന്റിന് എന്നും തികഞ്ഞ അവഗണന മാത്രം. കൊവിഡ് കാലത്ത് നിറുത്തലാക്കിയ പല ട്രെയിനുകളുടെ സ്റ്റോപ്പുകളും ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. കൂടാതെയാണ് പുതുതായി അനുവദിച്ച കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമുവിനും സ്റ്റോപ്പില്ല. ഓച്ചിറ പരബ്രഹ്മക്ഷേത്രം, മാതാഅമൃതാനന്ദമയീമഠം, അഴീക്കൽ ഹാർബർ തുടങ്ങി വിവിധ സ്ഥങ്ങളിലേക്ക് എത്തിച്ചേരുന്നത് ഓച്ചിറ വഴിയാണ്. പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് ഇവിടെ നിറുത്തുന്നത്.
പ്രതിഷേധം
ഓച്ചിറ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ഓച്ചിറ ഗ്രാമപഞ്ചായത്ത്, ഓച്ചിറ റെയിൽവേ സ്റ്റേഷൻ വികസന സമിതി, നാട്ടുവാതുക്കൽ പൗരസമിതി, യു.ഡിഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, സി.പി.എെ.എം ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി തുടങ്ങിയവർ പ്രതിഷേധിച്ചു.
പുതിയതായി അനുവദിച്ച മെമു ട്രെയിനിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം കൂടികെ.സി വേണുഗോപാൽ എം.പിക്കും റെയിവേ ഡിവിഷൻ മാനേജർക്കും കേന്ദ്രറെയിൽവേ മന്ത്രിക്കും നിവേദനം നൽകി. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഓച്ചിറ റെയിവേ സ്റ്റേഷനെ അവഗണിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണ്. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് ബഹുജനപ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും.
ബി. ശ്രീദേവി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എൻ. കൃഷ്ണകുമാർ വൈസ് പ്രസിഡന്റ്
ഓച്ചിറ റെയിൽവേ സ്റ്റേഷനോട് തികഞ്ഞ അവഗണനയാണ് റെയിൽവേ നടത്തുന്നത്. പുതിയ മെമു ട്രെയിന് അടിയന്തരമായി ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കണം.
അഡ്വ.എൻ. അനിൽകുമാർ
അയ്യാണിക്കൽ മജീദ്
മെഹർഖാൻ ചേന്നല്ലൂർ
(ഓച്ചിറ റെയിൽവേ സ്റ്റേഷൻ വികസന സമിതി )
നിലവിൽ ഓച്ചിറ നിന്നുള്ള യാത്രക്കാർ കായംകുളം, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. പുതിയ മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഇതിനൊരു പരിഹാരമാകും.
വയനകം ശശിധരൻ,
(സാമൂഹ്യ പ്രവർത്തകൻ)