ചാരുംമൂട്: ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനും അദ്ധ്യാപകനുമായ പ്രൊഫ. പ്രയാർ പ്രഭാകരൻ (94) അന്തരിച്ചു. മാവേലിക്കര ചുനക്കര ഹീരാഭവനിൽ ശനിയാഴ്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
ഏറെക്കാലം നാട്ടിക എസ്.എൻ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരള സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, പരീക്ഷാ ബോർഡ് അംഗം, ഓറിയന്റൽ സ്റ്റഡീസ് ഫാക്കൽറ്റി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം, കേരള ലളിതകലാ അക്കാഡമി അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റംഗവും തുഞ്ചൻ മെമ്മോറിയൽ ഗവേണിംഗ് കൗൺസിൽ അംഗവുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന കമ്മിറ്റിയംഗമാണ്. ഭാരതീയ സാഹിത്യ ശാസ്‌ത്രത്തിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്.
പ്രഭാഷകനും പണ്ഡിതനും എഴുത്തുകാരനുമായ സ്വാമി ബ്രഹ്മവ്രതന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ പ്രയാറിലായിരുന്നു ജനനം. 20-ാം വയസിൽ ശൂരനാട് ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനായി. പിന്നീട് 1964ൽ എം.എ പൂർത്തിയാക്കിയ ഉടനെ കൊല്ലം എസ്.എൻ വിമൻസ് കോളേജിൽ അദ്ധ്യാപകനായി. എസ്.എൻ ട്രസ്റ്റിന്റെ ഒട്ടുമിക്ക കോളേജുകളിലും ഭാഷാദ്ധ്യാപകനായിരുന്നു. കൊല്ലം എസ്.എൻ കോളേജ് മലയാള വിഭാഗം തലവനായാണ് വിരമിച്ചത്.
ഭാരതീയ സാഹിത്യ ശാസ്ത്ര പഠനമാണ് ആദ്യകൃതി. കവി ഭാരതീയ സാഹിത്യ ശാസ്ത്രങ്ങളിൽ, അനുഭൂതിയുടെ അനുപല്ലവി, ആശാൻ കവിതയുടെ ഹൃദയതാളം, ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെ, വേദങ്ങൾ ആത്മവിദ്യയുടെ ആദിമരേഖ, നാരായണ ഗുരു: അഭേദ ദർശനത്തിന്റെ ദീപ്തസൗന്ദര്യം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവനാ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.
മാവേലിക്കര ഗവ. ഹൈസ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപികയും ചുനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൽ.വസുന്ധതിയാണ് ഭാര്യ. മക്കൾ: വി.ഹീര (റിട്ട.അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പത്തിയൂർ), ഡോ.വി.മീര (മുൻ രജിസ്ട്രാർ, കുസാറ്റ്), പി.ഹരി (ഫേബിയൻ ബുക്സ്), പി.ഹാരി (പത്രപ്രവർത്തകൻ). മരുമക്കൾ: പ്രകാശ് (റിട്ട. അക്കൗണ്ടന്റ്), സി.ബി.സുധീർ (റിട്ട. പ്രൊഫസർ ഷിപ്പ് ടെക്നോളജി, കുസാറ്റ്), കെ.പി.നിഷ (അദ്ധ്യാപിക, കെ.പി.എം.എച്ച്.എസ്.എസ്, പൂത്തോട്ട), നീത ശശിധരൻ (അസോ. പ്രൊഫസർ ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം).