
തൊടിയൂർ: കഴിഞ്ഞ 18ന് രാവിലെ ബീഡി വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തുപോയ വൃദ്ധന്റെ മൃതദേഹം ഇന്നലെ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് കണ്ടെത്തി. തൊടിയൂർ ഇടക്കുളങ്ങര
രഞ്ജിത്ത് ഭവനത്തിൽ രവീന്ദ്രൻ ചെട്ടിയാരാണ് (66) മരിച്ചത്. ഇദ്ദേഹവും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന മുഴങ്ങോടിയിലെ വാടക വീട്ടിൽ നിന്നാണ് കാണാതായത്.
ഓർമ്മക്കുറവുള്ള രവീന്ദ്രൻ ചെട്ടിയാർ വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇദ്ദേഹം രാവിലെ കരുനാഗപ്പള്ളിയിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തെത്തിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് എവിടേയ്ക്ക് പോയെന്ന് അറിയാനായില്ല. ഇതിനിടെ വിവരം അറിഞ്ഞ് നട്ടെലെത്തിയ പട്ടാളക്കാരനായ മകൻ രഞ്ജിത്തും മരുമകൻ അനിൽ കുമാറും കരുനാഗപ്പള്ളി പൊലീസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പടെ പല പ്രാവശ്യം അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. 5 ന് രാവിലെ കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നിർദ്ദേശപ്രകാരം സി.പി.ഒ വിശാൽ, രവീന്ദ്രൻ ചെട്ടിയാരുടെ മകൻ രഞ്ജിത്ത്, ബന്ധുവായ
രാജീവ് എന്നിവർ മെഡിക്കൽ കോളേജ് പൊലീസ് ഔട്ട് പോസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 21ന് മാർത്താണ്ഡത്ത് നിന്ന് റോഡിൽ കുഴഞ്ഞുവീണ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതായി അറിഞ്ഞു. തുടർന്ന് മെഡിൽ കോളേജിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ അടുത്ത ദിവസം മരണപ്പെട്ടതായും മൃതദേഹം മോർച്ചറിയിൽ സുക്ഷിച്ചിട്ടുള്ളതായും അറിഞ്ഞു. മോർച്ചറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് രവീന്ദ്രൻ ചെട്ടിയാരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.