കൊല്ലം: ജില്ലയിൽ 197300 റേഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അംഗീകാരത്തിനായി കെട്ടിക്കിടക്കുന്നു. എ.ഇ.പി.ഡി.എസ് പോർട്ടലിൽ ഒരു താലൂക്ക് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഒരേ സമയം രേഖകൾ പരിശോധിക്കാൻ കഴിയാത്തതും അമിത ജോലിഭാരവുമാണ് നടപടി വൈകാൻ കാരണം.
അധാറിലെയും റേഷൻകാർഡുകളിലെയും പേരുകൾ തമ്മിൽ ചെറിയ വത്യാസമുണ്ടെങ്കിലും റേഷൻ കടകളിൽ മസ്റ്റർ ചെയ്യാൻ കഴിയും. താലൂക്ക് സപ്ലൈ ഓഫീസുകളിൽ എ.ഇ.പി.ഡി.എസ് പോർട്ടൽ വഴി വീണ്ടും ആധാറിലെയും റേഷൻ കാർഡിലെയും വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കുമ്പോഴേ മസ്റ്ററിംഗ് പൂർത്തിയാകുള്ളു. പേരുകളിൽ വലിയ അന്തരമുണ്ടെങ്കിൽ മസ്റ്ററിംഗ് നിരസിക്കും. താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഓരോ ജീവനക്കാർക്കും നിശ്ചിത സമയം ചുമതല നൽകിയാണ് രേഖ പരിശോധിക്കുന്നത്. പരിശോധന വൈകുന്നതിനാൽ തങ്ങളുടെ മസ്റ്ററിംഗ് അംഗീകരിച്ചോയെന്ന് അറിയാതെ റേഷൻ ഗുണഭോക്താക്കൾ ആശങ്കയിലാണ്.
13115 പേരുടെ മസ്റ്ററിംഗ് തള്ളി
ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ തമ്മിൽ വലിയ അന്തരമുള്ള 13115 പേരുടെ മസ്റ്ററിംഗ് തള്ളി
രേഖകളിലെ പ്രശ്നം പരിഹരിച്ച് ഇവർക്ക് വീണ്ടും മസ്റ്റർ ചെയ്യാൻ അവസരം
മസ്റ്ററിംഗ് തള്ളിയ ഓരോ റേഷൻ കാർഡ് അംഗത്തെയും താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ വിളിച്ച് വിവരം അറിയിക്കണം
രേഖകളുടെ പരിശോധന പൂർത്തിയാകുമ്പോൾ തള്ളിയവരുടെ എണ്ണം കൂടും
തള്ളിയ വിവരം എല്ലാവരെയും അറിയിക്കാനാകുന്നില്ല
കാർഡുകളിലെ ഫോൺ നമ്പർ കൃത്യമല്ല
ചിലരെ നിരന്തരം വിളിച്ചിട്ടും എടുക്കുന്നില്ല
താലൂക്ക്, അപ്രൂവ് ചെയ്യാനുള്ളത്, തള്ളിയത്
കരുനാഗപ്പള്ളി- 970, 2006
കൊല്ലം- 143105, 7861
കൊട്ടാരക്കര- 50837, 1309
കുന്നത്തൂർ- 497, 646
പത്തനാപുരം- 195, 691
പുനലൂർ- 53, 608
2.82 ലക്ഷം പേർ ബാക്കി
ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ എ.എ.വൈ മുൻഗണനാ വിഭാഗങ്ങളിലെ 2.82 ലക്ഷം പേർ ഇനിയും മസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്. ഇതിൽ ഒരു വിഭാഗം തൊഴിലാളികളും കുട്ടികളുമാണ്. ജോലിയെടുത്തും കറ പുരണ്ടും കൈയിലെ രേഖകൾ മാഞ്ഞതിനാൽ തൊഴിലാളികൾ ഇ പോസ് യന്ത്രത്തിൽ വിരൽപതിച്ചാലും സ്വീകരിക്കുന്നില്ല. കൂടുതൽ ഐ സ്കാനറുകൾ വാങ്ങി കുട്ടികളുടെ മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് ആലോചന.
കൂടുതൽ ഉദ്യോഗസ്ഥർക്ക് രേഖകൾ പരിശോധിക്കാനുള്ള സൗകര്യമില്ലാത്തതാണ് മസ്റ്ററിംഗിന്റെ അപ്രൂവൽ വൈകാൻ കാരണം. മസ്റ്ററിംഗ് തള്ളിയവർക്ക് രേഖകൾ കൃത്യമാക്കാൻ കൂടുതൽ സമയം അനുവദിക്കും.
പൊതുവിതരണ വകുപ്പ് അധികൃതർ