കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട നാലുവരി ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് അന്തിമമായ സ്ഥലങ്ങളിൽ അഞ്ച് മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ തീരുമാനം. അതിന് പിന്നാലെ എൻ.എച്ച്.എ.ഐ നിർമ്മാണത്തിനുള്ള ടെണ്ടറും ക്ഷണിക്കും.

ജില്ലയിൽ 11 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. ഇതിൽ ത്രി ഡി വിജ്ഞാപനം നിലവിൽ വന്ന നാല് വില്ലേജുകളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കണമെന്ന ഉത്തരവ് വന്നു.

ഇതുപ്രകാരം ആദ്യം തയ്യാറാക്കിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് കാലപ്പഴക്കത്തിനുള്ള തുക കുറയ്ക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഇവിടങ്ങളിലെ നഷ്ടപരിഹാര വിതരണം ആരംഭിക്കും. ത്രി എ വിജ്ഞാപനം നിലവിൽ വന്ന അഞ്ച് വില്ലേജുകളിൽ പരാതികൾ പരിഹരിച്ച് ത്രി ഡി വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ ത്രി ഡി വിജ്ഞാപനം നിലവിൽ വരുന്നതോടെ ഇവിടങ്ങളിൽ നഷ്ടപരിഹാരത്തുക കണക്കാക്കി വിതരണം ചെയ്യും.

തർക്കവുമായി വനം വകുപ്പ്

ജില്ലയിലെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ വനമേഖലകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതൽ വനപ്രദേശം ദേശീയപാത നിർമ്മാണത്തിനായി വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. നിർമ്മാണത്തിന്റെ ആഘാതം പരിശോധിക്കാൻ ഡൽഹിയിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം സ്ഥലം പരിശോധിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചർച്ചകൾ നടക്കും.

കടമ്പാട്ടുകോണം-ആര്യങ്കാവ്
ഏറ്റെടുക്കുന്ന ഭൂമി -265 ഹെക്ടർ
നീളം - 59.36 കിലോ മീറ്റർ
റോഡ് വീതി - 45 മീറ്റർ (4 വരി)
അടങ്കൽ തുക ₹ 4047 കോടി

മാർച്ചിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഇതുപ്രകാരം നടപടികൾ വേഗത്തിൽ മുന്നോട്ടുപോവുകയാണ്.

ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം അധികൃതർ