കൊല്ലം: പുളിയത്തുമുക്ക്- ഈഴവപാലം- കല്ലുന്താഴം റോഡിന്റെ പുനർനിർമ്മാണത്തി​ന് കാരാറായി ആറുമാസം പി​ന്നി​ട്ടി​ട്ടും നി​ർമ്മാണം തുടങ്ങുന്നി​ല്ല. അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിക്കുഴിച്ചതിന്റെ 'പരി​ഹാരക്രി​യ'കൾ പൂർത്തിയാകാത്തതാണ് പ്രശ്നം.

റോഡിന്റെ പുനർനിർമ്മാണ കരാറെടുത്തയാൾ തന്നെയാണ്, പൈപ്പ്ലൈൻ സ്ഥാപിക്കാനായി​ വെട്ടിക്കുഴിച്ച റോഡ് പൂർവ്വ സ്ഥിതിയിലാക്കാനുള്ള കരാറും എടുത്തിരിക്കുന്നത്. മെറ്റിൽ പാകി പൂർവ്വസ്ഥിതിയിൽ ആക്കിയെങ്കിലും ബില്ല് മാറുന്നതിന് മുന്നോടിയായുള്ള ലെവൽസ് എടുത്തില്ല. റോഡ് പൂർണമായി തകർന്നതിനാൽ പ്രദേശവാസികൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. രണ്ടരമാസം മുൻപ് കരാറുകാരൻ നിർമ്മാണം ആരംഭിക്കാൻ മെറ്റൽ ഇറക്കിയപ്പോൾ പ്രദേശവാസികൾ വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി​ നീളുകയാണ്.

റോഡ് തകർന്നിട്ട് 15 വർഷം

 2016ൽ നവീകരണത്തിന് 2.54 കോടി അനുവദിച്ചു
 ആദ്യ കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു

 രണ്ട് വർഷം ശ്രമിച്ചിട്ടും പഴയ കരാറുകാരൻ എത്തിയില്ല
 പുതിയ ടെണ്ടർ ഷെഡ്യൂൾ നിരക്ക് തർക്കത്തിൽ തുടങ്ങി
 വിഷയം മന്ത്രിസഭയുടെ പരിഗണനയിലേക്ക് നീണ്ടു
 2018ലെ ഷെഡ്യൂൾ പ്രകാരമുള്ള കരാറിന് അനുമതി നൽകി

...................................

 2.44 കോടിയുടെ കരാർ
 കരാർ ഒപ്പിട്ടിട്ട് 6 മാസം
 5 സെ.മീറ്റർ ബി.എം ടാറിംഗ്

 3 സെ. മീറ്റർ ബി.സി ടാറിംഗ്

...........................

രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് നിർമ്മാണം ആരംഭിക്കും. പൈപ്പ്ലൈൻ ഇട്ടതുമായി ബന്ധപ്പെട്ട് റോഡ് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി കൂടി വന്നതാണ് നിർമ്മാണം വൈകാൻ കാരണം

സദാശിവൻപിള്ള, കരാറുകാരൻ