sidhrdha-

കൊല്ലം: വയനാട് ദുരന്തഭൂമിയിൽ സർക്കാർ നിർമ്മിക്കുന്ന പുതിയ ടൗൺഷിപ്പിൽ കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന പകൽവീട് ചരിത്രമാകും. 2000 സ്ക്വയർ ഫീറ്റിൽ പൂർണമായും പ്രകൃതിക്കിണങ്ങുന്ന തരത്തിൽ പ്രശസ്ത വാസ്തുശില്പി ജി.ശങ്കറാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
നഴ്സസ് സപ്പോർട്ട്, വിശ്രമമുറികൾ, വിനോദത്തിനും വായനയ്ക്കുമായുള്ള ഇടം എന്നിവയ്ക്ക് പുറമേ
യോഗയ്ക്കും മെഡിറ്റേഷനും വ്യായാമത്തിനും സൗകര്യങ്ങൾ ഒരുക്കും. കുട്ടികളും രക്ഷിതാക്കളും മറ്റും ചേർന്ന് 30 ലക്ഷം രൂപയാണ് പദ്ധതിക്കായി കണ്ടെത്തുക.
സിദ്ധാർത്ഥയുടെ എല്ലാ സ്ഥാപനങ്ങളും ഇതിനായി ഒന്നിക്കും. പ്രോജക്ട് റിപ്പോർട്ട് സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ വയനാട് കളക്ടർ ഡി.ആർ.മേഘശ്രീക്ക് കൈമാറി. സിദ്ധാർത്ഥ ഫൗണ്ടേഷൻ ട്രഷറർ വിനോദ് കുമാർ, ഫൗണ്ടേഷൻ അംഗങ്ങളായ ആർ.സുരേഷ് കുമാർ, ജി.വിജയകുമാർ, ആർ.ഷിബുകുമാർ, എസ്.സാബു അമ്പര എന്നിവരും രക്ഷാകർത്തൃ പ്രതിനിധികളായ ശ്രീലാൽ, രഞ്ജിത്ത്, നവാസ്, വേണുകുമാർ അജി പള്ളിമൺ, കലാഗ്രാമം പ്രവർത്തകനായ ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.