rsp-

കൊല്ലം: മാഫിയാ സംഘങ്ങൾക്ക് സ്വാധീനമുള്ള കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്വർണക്കടത്ത് മാഫിയകൾക്കും ഗുണ്ടാ സംഘങ്ങൾക്കും സംസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം സൃഷ്ടിച്ച സർക്കാർ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിലെ മാഫിയാ കൂട്ടുകെട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കൊല്ലം കോർപ്പറേഷൻ ഭരണവും അഴിമതിയുടെ കൂത്തരങ്ങായി. ഇതിനെതിരെ ആർ.എസ്.പി ജനകീയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ നടന്ന ആർ.എസ്.പി തേവള്ളി ഡിവിഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ആർ.അജിത്ത് കുമാർ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് ബാബു, അഡ്വ. കൈപ്പുഴ വി.റാംമോഹൻ, അഡ്വ. ആർ.സുനിൽ, അഡ്വ. എം.എസ്.ഗോപകുമാർ സദാനന്ദൻ, കെ.ഗോപിനാഥൻ, ബാബു രാജേന്ദ്ര പ്രസാദ്, ശശിധരൻ, അഡ്വ. തോമസ്.കെ.ഫിലിപ്പ്, മോഹൻ കുമാർ, കൊല്ലം ഭരതൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ എൻ.കെ.പ്രേമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. കൺവൻഷൻ ഫോക്കസ് കൊല്ലം കോർപ്പറേഷൻ 2025ന്റെ ഡിവിഷൻ കമ്മിറ്റി കൺവീനറായി ബാബു രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുത്തു.