കൊല്ലം: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ദിനംപ്രതി ലക്ഷക്കണക്കിന് ഭക്തർ സുഗമമായി ദർശനം നടത്തുന്ന ശബരിമലയിൽ, വെർച്വൽ ക്യൂ ബുക്കിംഗ് വഴി ഭക്തജനങ്ങളുടെ എണ്ണം 80,000 ആയി നിജപ്പെടുത്തുന്നതും സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കുന്നതും തീർത്ഥാടകരുടെ ദർശനസൗകര്യം ഇല്ലാതാക്കുമെന്നും ദേവസ്വം ബോർഡിന്റെ വരുമാനം ഇടിക്കുമെന്നും ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് നിറുത്തുന്നത് മൂലം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം ലഭിക്കാതെ തിരികെ പോകേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ നിലയ്ക്കൽ, പമ്പ, എരുമേലി, പുൽമേട് എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെപ്പോലെ സ്പോട്ട് ബുക്കിംഗ് തുടരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തവണ നവംബർ 16 മുതലാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുന്നത്.