photo
കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് പന്മനമനയിൽ എൽ. പി. സ്കൂളിൽനടന്ന ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം.

കരുനാഗപ്പള്ളി :കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പന്മന മനയിൽ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മകൾ 99, സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര,വട്ടമേശ സമ്മേളനം, ശ്രീനാരായണഗുരു, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ചാർലിചാപ്ലിൻ, മൗണ്ട് ബാറ്റൺ പ്രഭു, മുഹമ്മദാലി ജിന്ന, ജാമ്നാലാൽ ബജാജ്, സരോജിനി നായിഡു, മഹാദേവ ദേശായി തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച കറാച്ചി കോൺഗ്രസ്, നവഖാലിയിലെ ശാന്തി ദൂത് എന്നിവ മഹാത്മാവിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയായി. കേരളത്തിൽ ഗാന്ധിജി നടത്തിയ സന്ദർശനകാലത്തുള്ള പന്മന ആശ്രമം, കൊല്ലം ഉളിയക്കോവിൽ സന്ദർശനം, മലബാർ ക്രിസ്ത്യൻ കോളേജിലെ സന്ദർശനം,ശിവഗിരിയിൽ ശ്രീനാരായണഗുരുദേവനുമായുള്ള കൂടിക്കാഴ്ച, വൈക്കം സത്യാഗ്രഹം എന്നിവ അപൂർവ്വം കാഴ്ചയായി. പൊതുപ്രവർത്തകൻ ജി. മഞ്ജുക്കുട്ടൻ ചർക്കയിൽ നൂൽ നൂറ്റത് കൗതുകത്തോടെയാണ് കുട്ടികൾ നോക്കി കണ്ടത്. സബർമതി ഗ്രന്ഥശാല പ്രവർത്തകർ ഗാന്ധി സാഹിത്യങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. പ്രദർശനം റിട്ട.ജഡ്ജി ഇ. മൈതീൻകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ചു മുരളീധരൻ അദ്ധ്യക്ഷനായി. യോഗത്തിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ മുഖ്യ പ്രഭാഷണം നടത്തി. ലഹരി മാഫിയക്കെതിരെ പോരാടുന്ന സിവിൽ പൊലീസ് ഓഫീസർ ഹാഷിമിനെ ചടങ്ങിൽ ആദരിച്ചു. ഓർമ്മകൾ 99 പ്രസിഡന്റ്‌ എം.ആർ.അരുൺരാജ്,മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം അഹമ്മദ് മൻസൂർ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് എൽ.വീണാറാണി, നസീർ,ഹഫ്സ എന്നിവർ സംസാരിച്ചു.