കൊല്ലം: കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പുതുതായി ആരംഭിച്ച മെമു സർവീസിന് കൊല്ലം, പെരിനാട് റെയിൽവേ സ്റ്റേഷനുകളിൽ വരവേൽപ്പ് നൽകി. യാത്ര ആരംഭിച്ച കൊല്ലം സ്റ്റേഷനിൽ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്കോപൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും സ്വീകരിച്ചു. സ്റ്റേഷനിലെത്തിയ എം.പിമാർക്ക് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില് സ്വീകരണവും നൽകി.
ദിവസേന രാവിലെ ജോലിക്ക് പോകുന്നവർക്ക് പുതിയ സർവീസ് ആശ്വസമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എന്നാൽ ട്രെയിനിന്റെ മടക്കയാത്രയുടെ സമയക്രമം സ്ഥിരം യാത്രക്കാർക്ക് അനുയോജ്യമല്ല. രാവിലെ 9.50 നാണ് നിലവിലെ സമയക്രമം. ഇതനുസരിച്ച് ട്രെയിൻ ഉച്ചയ്ക്ക് 12.50ന് കൊല്ലത്ത് മടങ്ങിയെത്തും. 1.35ന് പരശുറാം കഴിഞ്ഞാൽ എറണാകുളത്ത് നിന്ന് കോട്ടയം വഴി കൊല്ലത്തേക്കുള്ള അടുത്ത ട്രെയിൻ 5നുള്ള കേരള എക്സ്പ്രസാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉച്ചയ്ക്ക് 2 ന് ശേഷം എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് പുതിയ സർവീസ് ആരംഭിക്കുകയോ നിലവിലെ മെമു സർവീസിന് പ്രായോഗിക സമയക്രമം നൽകി ഉച്ചയ്ക്ക് 2ന് ശേഷം എറണാകുളത്ത് നിന്ന് മടക്കയാത്ര സാദ്ധ്യമാക്കുകയോ വേണമെന്ന് റെയിൽവേ മന്ത്രിയോടും അധികൃതരോടും ആവശ്യപ്പെട്ടതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കൊല്ലത്ത് നടന്ന സ്വീകരത്തിൽ എം.പിമാർക്കൊപ്പം ബിന്ദുകൃഷ്ണ, സൂരജ് രവി, സുനിൽ തേവള്ളി, ടി.കെ. സുൽഫി, ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, കണ്ണനല്ലൂർ നിസാം, പരവൂർ സജീവ്, ഗിരീഷ്, സദു പള്ളിത്തോട്ടം, ബാബുക്കുട്ടൻ, പ്രദീപ് കുമാർ, ബിനു എന്നിവർ പങ്കെടുത്തു. പെരിനാട് നടന്ന സ്വീകരണത്തിൽ വി.പി.വിധു, ഓമനക്കുട്ടൻ, പനയം സജീവ്, അഡ്വ. ബൈജു, കെ.വിജയൻ, പെരുമൺ ജയപ്രകാശ്, പനയം സന്തോഷ്, പനയം ശ്രീകുമാർ, രാംകുമാർ, പെരിനാട് മുരളി എന്നിവർ പങ്കെടുത്തു.