al
ഒറ്റയാൻ പ്രതിഷേധവുമായി വാർഡ് അംഗം

പുത്തൂർ: കുളക്കട ഗ്രാമപ്പഞ്ചായത്തിലെ കുളക്കടക്കിഴക്ക് വാർഡിൽ മുഹൂർത്തക്കാവ് -പരമേശ്വരത്ത് കടവ് പാതയുടെ നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് വാർഡ് അംഗം ഹരികൃഷ്ണന്റെ ഒറ്റയാൾ പ്രതിഷേധം. കുളക്കട ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലായിരുന്നു പ്രതിഷേധം. പാതയുടെ നവീകരണത്തിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തൽ പോലുള്ള ജോലികൾ പൂർത്തിയായിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു. മഴക്കാലമാകുമ്പോൾ റോഡാകെ ചെളിക്കുളമായി കൽനടപോലും സാദ്ധ്യമാകാത്ത അവസ്ഥയുണ്ടാകുമായിരുന്നു. വിവിധ സംഘടനകൾ പഞ്ചായത്ത് ഓഫീസ് മാർച്ചുൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പഞ്ചായത്ത് അംഗം നേരിട്ട് സമരവുമായി എത്തിയത്. കരാറുകാരന്റെയും എ.ഇയുടെയും പുത്തൂർ എസ്.ഐ ടി.ജെ.ജയേഷിന്റേയും പഞ്ചായത്ത് അംഗത്തിന്റെയും സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.