
കൊല്ലം: വീട്ടിൽ ശേഖരിച്ചിരുന്ന ഏകദേശം 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്തു. കൊല്ലൂർവിള മണിയംകുളം കെ.ടി.എൻ നഗർ 227 രാജ നിവാസിൽ രാജയുടെ വീട്ടിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ഇറച്ചിക്കോഴി വ്യാപാരത്തിന്റെ മറവിലാണ് രാജ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. രാത്രി കാലങ്ങളിൽ പലരും വന്നുപോകുന്നതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയ്ക്കെത്തിയപ്പോൾ വീട്ടിൽ അരുമില്ലാത്തതിനാൽ ഡിവിഷൻ കൗൺസിലർ ഹംസത്ത് ബീവിയുടെ സാന്നിദ്ധ്യത്തിൽ വീട് തുറന്ന് അകത്ത് പ്രവേശിക്കുകയയിരുന്നു. ഒമ്പത് ചാക്ക് കെട്ടുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളും തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് ത്രാസും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 4 ലക്ഷം രൂപ വിലവരും. രാജക്കെതിരെ കോട്‌പാ നിയമ പ്രകാരം കേസെടുത്തു. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ ആർ.രജിത്ത്, ഗ്രേഡ് അസി. എക്സൈസ് ഇൻസ്‌പെക്‌ടർമാരായ ആർ.ജി.വിനോദ്, ജി.ശ്രീകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ എസ്.അനീഷ്‌കുമാർ, ടി.ആർ.ജ്യോതി, സിവിൽ എക്സൈസ് ഓഫീസർ എസ്.ആദിൽഷ, ഡ്രൈവർ ജി.സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.