കൊല്ലം: താലൂക്ക് ഓഫീസുകളിൽ നിന്ന് വില്ലേജ് ഓഫീസുകളിലേക്കും തിരിച്ചുമുള്ള ഫയൽനീക്കം പൂർണമായും ഓൺലൈനാക്കാൻ നിർദ്ദേശം. ഫയലുകൾ തപാലായി അയയ്ക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശം.
കളക്ടറേറ്റിൽ നിന്നും ആ.ഡി.ഒ, താലൂക്ക് ഓഫീസുകളിലേക്കുള്ള ഫയൽ നീക്കം ഇപ്പോൾ ഇ- ഓഫീസ് പോർട്ടൽ വഴി ഓൺലൈനായാണ് നടക്കുന്നത്. എന്നാൽ പല താലൂക്ക് ഓഫീസുകളിൽ നിന്നും വില്ലേജുകളിലേക്കും തിരിച്ചുമുള്ള ഫയൽ നീക്കം പഴയപടി തപാലായാണ് നടക്കുന്നത്. ഇത്തരം ഫയലുകൾ താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും തപാൽ വിഭാഗത്തിൽ ദിവസങ്ങളോളം കുരുങ്ങിക്കിടക്കും.
കൂടുതൽ ദൂരെയുള്ള ഓഫീസുകളിലേക്കുള്ള ഫയൽ മാത്രമാണ് പോസ്റ്റലായി അയയ്ക്കുന്നത്. ബാക്കിയുള്ള തപാലുകളെല്ലാം ജീവനക്കാർ നേരിട്ട് പോയാണ് കൈമാറുന്നത്. വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ കുറവും തപാലിന്റെ സമയബന്ധിതമായ കൈമാറ്റത്തെ ബാധിക്കുന്നുണ്ട്. ചില ഓഫീസുകളിൽ അപേക്ഷകന്റെ പക്കൽ തപാൽ കൈമാറുന്ന തെറ്റായ കീഴ്വഴക്കവുമുണ്ട്. ഇതിന് പരിഹാരം കാണാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
എല്ലാ വില്ലേജ് ഓഫീസുകളിലും ഇ- ഓഫീസ്
കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ അടക്കമുള്ള ഉപകരണങ്ങൾ
ചില ഉദ്യോഗസ്ഥർ ഫയലുകൾ മാനുവലായി കൈകാര്യം ചെയ്യുന്നു
മാനുവൽ ഫയലുകൾ ചിലയിടങ്ങളിൽ പൂഴ്ത്തുന്നു
ഓൺലൈനായാൽ പൂഴ്ത്തൽ വേഗത്തിൽ കണ്ടെത്താം
ഫയൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച തീയതിയും സമയവും മനസിലാക്കാം
തീരുമാനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനെയും തിരിച്ചറിയാം
പോർട്ടൽ സംവിധാനമില്ലാത്ത സേവനങ്ങൾ, വിവിധ പരാതികൾ, അപേക്ഷകൾ, വസ്തുതർക്കം, കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങളാണ് ഇനി ഓൺലൈനാക്കാനുള്ളത്.
ജില്ലാ ഭരണകൂടം