park

കൊല്ലം: കൊല്ലം ബീച്ചിനോട് ചേർന്നുള്ള എം.ജി പാർക്കിൽ ഓണാഘോഷം സംഘടിപ്പിച്ചത് പാർക്ക് നടത്തിപ്പിനുള്ള കരാർ കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ച് സെലക്ഷൻ നോട്ടീസ് നൽകിയ ശേഷമാണെന്ന് കരാറുകാരനായ ദേവ് സ്നാക്സ് പ്രൊപ്രൈറ്റർ ഡോ. ആർ. റോണക് വ്യക്തമാക്കി.

എം.ജി പാർക്ക് നടത്തിപ്പിനുള്ള ടെണ്ടറിൽ പങ്കെടുത്തപ്പോൾ തന്നെ 11 ലക്ഷം രൂപ കോർപ്പറേഷനിൽ കെട്ടിവച്ചിരുന്നു. പിന്നീട് ഏറ്റവും കൂടുതൽ ഡെപ്പോസിറ്റും പ്രതിമാസ വാടകയും മുന്നോട്ടുവച്ച ഡോ. ആർ. റോണക്കിന് പാർക്ക് നടത്തിപ്പിനുള്ള ടെണ്ടർ ലഭിച്ചു. ആഗസ്റ്റ് 8ന് ചേർന്ന കൗൺസിൽ യോഗം കരാർ അംഗീകരിച്ചു. കൗൺസിൽ തീരുമാന പ്രകാരം സെപ്തംബർ 11ന് സെലക്ഷൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കരാറിൽ പറഞ്ഞ ഡെപ്പോസിറ്റ് തുകയുടെ ബാക്കിയായ 22 ലക്ഷം രൂപയും കോർപ്പറേഷനിൽ അടച്ചു. ഇതിന് ശേഷമാണ് 13 മുതൽ പത്ത് ദിവസം പാർക്കിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഇതിന് കോർപ്പറേഷൻ നിർദ്ദേശിച്ച വിനോദ നികുതിയും അടച്ചു. ഇതിനിടയിൽ തന്നെ കരാർ ഒപ്പിടാനുള്ള രേഖകൾ കോർപ്പറേഷനിൽ സമർപ്പിച്ചിരുന്നു. എന്നാൽ രേഖകൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലാഞ്ഞതിനാലാണ് കരാർ ഒപ്പിടാതിരുന്നത്. 33 ലക്ഷം രൂപ ഡെപ്പോസിറ്റിനാണ് ഡോ. ആർ. റോണക് എം.ജി പാർക്ക് നടത്തിപ്പിന്റെ കരാർ ഏറ്റെടുത്തത്.

കോർപ്പറേഷനിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതിന് പിന്നാലെ തന്നെ കരാറൊപ്പിടും. അതിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുള്ള കൂടുതൽ വിനോദ സൗകര്യങ്ങൾ സജ്ജമാക്കും. ഇതിന് പുറമേ വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ കൂടി സജ്ജമാക്കി ജനങ്ങൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കുന്ന കേന്ദ്രമാക്കി എം.ജി പാർക്കിനെ മാറ്റാനാണ് ആലോചനയെന്നും ഡോ. ആർ.റോണക്ക് വ്യക്തമാക്കി.