കൊല്ലം: ശബരിമല തീർത്ഥാടന കാലത്ത് പ്രതിദിനം 80,000 പേർക്കു മാത്രമേ ദർശനത്തിന് അനുവാദം നൽകുകയുള്ളൂ എന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം കൊല്ലം ജില്ല സെക്രട്ടറി സുനിൽകുമാർ ആവശ്യപ്പെട്ടു.
80,000 പേർക്ക് മാത്രമാണ് ദർശനാനുമതി നൽകുന്നതെങ്കിൽ മണ്ഡലം, മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം പേർക്ക് മാത്രമേ ദർശനം നടത്താൻ കഴിയുകയുള്ളൂ. പത്തോളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിംഗ് പൂർണ്ണമായും പിൻവലിച്ച തീരുമാനം തിരുത്തണം. വെർച്വൽ ക്യു വഴി മാത്രം ശബരിമല ദർശനം എന്നത് ഭക്തരുടെ മൗലിക സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നു കയറ്റമാണ്. ശബരിമല ദർശനത്തിനെത്തുന്നവരിൽ നിന്ന് പത്തു രൂപ ഇൻഷ്വറൻസ് ഇനത്തിൽ വാങ്ങാനുള്ള തീരുമാനവും ഉടൻ പിൻവലിക്കണം. ഇല്ലെങ്കിൽ സമാന സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് സമര പരിപാടികളുമായി മുന്നോട്ടു പോകാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ജില്ല വൈസ് പ്രസിഡന്റ് എൻ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സുനിൽ മങ്ങാട്, ജോ. സെക്രട്ടറി ഗോകുൽ മഠത്തിൽ എന്നിവർ സംസാരിച്ചു.