
ചാത്തന്നൂർ: പരവൂരിൽ ക്ഷേത്രോത്സവത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. പരവൂർ തെക്കുംഭാഗം തവക്കൽ മൻസിലിൽ ഷിബിലിയെയാണ് (27) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയിടം ക്ഷേത്രത്തിൽ ഒൻപത് മാസം മുമ്പ് ഗാനമേളക്കിടയിലുണ്ടായ അടിപിടിക്കിടയിൽ പ്രദേശവാസിയായ പ്രദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളാണുള്ളത്. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ വിദേശത്തേക്കും കടന്നിരുന്നു. തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷിബിലി കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ നെടുമ്പാശേരി എയർ പോർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുമ്പും നിരവധി കേസുകളിൽ പ്രതിയാണ് ഷിബിലി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.