 
കുന്നത്തൂർ: നിരവധി ക്രിമനൽ കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 6 മാസത്തേക്കാണ് നടപടി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ പനന്തറ കോളനിയിൽ കൈലാസം വീട്ടിൽ ചാത്തൻ എന്ന് വിളിക്കുന്ന അനന്തു(26)വിനെയാണ് തടങ്കലിലാക്കിയത്. 2019 മുതൽ ഈ വർഷം സെപ്തംബർ വരെ കാലയളവിൽ ശൂരനാട്,കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ 3 വീതം ക്രിമിനൽ കേസിലും ശാസ്താംകോട്ട പൊലീസ് പരിധിയിൽ ഒരു ക്രിമിനൽ കേസിലും പ്രതിയാണ്. ഇതിൽ 5 കേസുകൾ കോടതി വിചാരണയിലും 2 കേസുകൾ അന്വേഷണത്തിലുമാണ്. മാരകായുധങ്ങളുമായി സംഘം ചേർന്ന് ബഹളം വയ്ക്കൽ,ദേഹോപദ്രവം ഏൽപ്പിക്കൽ,കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ,തട്ടിക്കൊണ്ട് പോകൽ,അസഭ്യം പറച്ചിൽ,വീടുകയറി ആക്രമണം,സ്ത്രീകർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നയാളാണ് പ്രതിയെന്ന് ശൂരനാട് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.മുൻപ് ഇയ്യാൾക്കതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് വകവയ്ക്കാതെ വീണ്ടും ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു.