കുന്നത്തൂർ:ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് വർദ്ധിച്ചു വരുന്ന ലഹരിവില്പനയും ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ റൂറൽ എസ്.പി സാബു മാത്യുവിന് പരാതി നൽകി.പഠന സമയങ്ങളിൽ യൂണിഫോമുകളിലാണ് വിദ്യാർത്ഥികൾ കായൽ തീരത്തേക്ക് എത്തുന്നത്. മദ്യപാനവും ലഹരി ഉപയോഗവും നിയന്ത്രണാതീതമാണ്. രാത്രികാലങ്ങളിൽ ലഹരിവില്പനക്കാരുടെയും ഉപയോഗിക്കുന്നവരും കായൽ തീരത്ത് വർദ്ധിച്ചു വരികയാണ്.പൂയപ്പള്ളിയിൽ നിന്ന് കമിതാക്കളായ രണ്ട് വിദ്യാർത്ഥികൾ അടുത്തിടെ കായലിൽ ചാടി മരിക്കുകയുണ്ടായി.കഴിഞ്ഞ ദിവസം പൊലീസ് ചമഞ്ഞ് യുവാവ് കായൽ തീരത്തു നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും അരങ്ങേറി.ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നതാണ് ജനങ്ങളെ ഞെട്ടിക്കുന്നത്.എസ്.പിയുടെ നേതൃത്വത്തിൽ ത്രിതല ജനപ്രതിനിധികൾ,രക്ഷിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,തടാകസംരക്ഷണ പ്രവർത്തകർ,വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരുകയും തടാകസംരക്ഷണത്തിനും തീരങ്ങളിൽ സുരക്ഷയും നിയന്ത്രണങ്ങളും ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. തടാകസംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള തണ്ണീർത്തട അതോറിറ്റി, എം.എൽ.എ,ജില്ലാ കളക്ടർ എന്നിവരെ ഉൾപ്പടുത്തി തീരങ്ങളിൽ വർദ്ധിച്ചു വരുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.