കൊല്ലം: വ്യാസ പ്രസാദം 24 എന്ന ശീർഷകത്തിൽ സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗീതാ പ്രഭാഷണ പരമ്പര 14ന് ആരംഭിക്കും. ഭഗവത് ഗീതയിലെ ആദ്യ ആറ് അദ്ധ്യായങ്ങളെ അധികരിച്ചുള്ള പ്രഭാഷണം നവംബർ 23ന് അവസാനിയ്ക്കും. 24ന് സമാപന സഭയുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 7.30 വരെ ആശ്രാമം ശ്രീനാരായണ സാംസ്ക്‌കാരിക സമുച്ചയത്തിലാണ് പരിപാടി. സംബോധ് ഫൗണ്ടേഷന്റെ സംസ്ഥാനത്തെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയാണ് പ്രഭാഷകൻ. തുടർന്നുള്ള രണ്ടുവർഷങ്ങളിലായി ശേഷിക്കുന്ന ആറദ്ധ്യായങ്ങൾ വീതം പൂർത്തീകരിക്കും. ഗീതായജ്ഞത്തോടനുബന്ധിച്ച് വേദാന്തം, യോഗ, ആയുർവേദം, സംസ്കൃതം, അർത്ഥശാസ്ത്രം എന്നിവയെ ആസ്‌പദമാക്കി വിവിധ പരിപാടികളുമുണ്ടായിരിക്കും. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭ കലാകാരന്മാരുടെ കലാവിരുന്നുമുണ്ടാകും 14ന് വൈകിട്ട് 5ന് കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ശബരിമല മുൻ മേൽശാന്തിയായ എൻ.ബാലമുരളി വിശിഷ്ടാതിഥിയാകും. മേയർ പ്രസന്ന ഏണസ്റ്റ് പങ്കെടുക്കും. യജ്ഞാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ ഉപക്രമ ഭാഷണവും ഉണ്ടാകും. സംഘാടക സമിതി ചെയർമാൻ ഡോ. കെ.ഉണ്ണിക്കൃഷ്ണപിള്ള, ജനറൽ കൺവീനർ അഡ്വ. കല്ലൂർ കൈലാസനാഥ്, ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ പാർവതി അനന്ത ശങ്കരൻ, സത്രബന്ധു എസ്.നാരായണസ്വാമി, ആർ.വിജയരാജൻ, ജോ. സെക്രട്ടറി എ.പ്രശാന്ത്, രാധാകൃഷ്‌ണൻ, ലതിക കണ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.