കൊല്ലം: അന്യസംസ്ഥാന കോളേജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി വിദ്യാർത്ഥികളിൽ നിന്നും പണം തട്ടിയയാൾ പൊലീസ് പിടിയിലായി. കുന്നിക്കോട് മേലില ശ്യാംനിവാസിൽ ശ്യാംകുമാറാണ് (34) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം കർണാടകയിലുള്ള കോളേജുകളിൽ പ്രൊഫഷണൽ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ അഡ്മിഷൻ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ ചാത്തന്നൂർ, കൊട്ടിയം, പരവൂർ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒളിവിൽ കഴിഞ്ഞുവന്ന പ്രതിക്കായി നിരവധി തവണ കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ തിരുവനന്തപുരം മാറനല്ലൂരിൽ നിന്ന് പൊലീസ് സംഘത്തിന്റെ വലയിൽ അകപ്പെടുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ ബിന്ദുകുമാരി, സി.പി.ഒമാരായ രാജീവ്, നവാസ്, സുധി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.