palam

വിശ്രമത്തിനും വ്യായാമത്തിനും എത്തുന്നവരെ പൊലീസ് വിരട്ടിയോടിക്കുന്നു

കൊല്ലം: പണി തീരാത്ത പാലത്തിൽ വിശ്രമത്തിനെത്തുന്നവരെ പൊലീസ് വിരട്ടിയോടിക്കുന്നുവെന്ന് പരാതി. ലിങ്ക് റോഡ് നീട്ടുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് സമീപം ബോട്ട് ജെട്ടിയിൽ നിന്ന് തുടങ്ങി തേവള്ളി പാലത്തിന് അടിയിലൂടെ തോപ്പിൽ കടവിൽ പ്രവേശിക്കുന്ന ആശ്രാമം ലിങ്ക് റോഡ് - ഓലയിൽ കടവ് പാലമാണ് കോടികൾ ചെലവിട്ടിട്ടും പാതിവഴിയിൽ മുടന്തുന്നത്. ഇവിടെ കാറ്റുകൊള്ളാനും വ്യായമത്തിനുമൊക്കെ എത്തുന്നവരെ പൊലീസ് നിലംതൊടീക്കാറില്ലെന്നാണ് ആക്ഷേപമുയരുന്നത്.

ഓലയിൽ കടവിലാണ് പാലം ഇപ്പോൾ എത്തിനിൽക്കുന്നത്. വാഹനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും നാട്ടുകാർ കാറ്റ് കൊള്ളാനും അഷ്‌ടമുടി കായലിന്റെ സൗന്ദര്യം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാനും പാലത്തിലെത്താറുണ്ട്. രാവിലെയും വൈകിട്ടും നടക്കാൻ എത്തുന്നവരുമേറെ. എന്നാൽ ചിലർ സദാചാര പൊലീസായി രംഗത്ത് വന്നതോടെയാണ് വെസ്‌റ്റ് പൊലീസ് പാലത്തിൽ വിരട്ടൽ തുടങ്ങിയത്. വിവിധ കോഴ്‌സുകൾക്ക് മറ്റു ജില്ലകളിൽ നിന്ന് കൊല്ലത്ത് വന്ന് പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അവധി ദിവസങ്ങളിലും പഠനത്തിന്റെ ഇടവേളകളിലും പാലത്തിൽ എത്താറുണ്ട്. കേസ് എടുക്കാൻ വകുപ്പില്ലാത്തതിനാൽ പൊലീസ് ഇവരെ പാലത്തിൽ നിന്ന് ഒഴിവാക്കുന്നത് പതിവാണ്. എന്നാൽ രാത്രികാലത്ത് ഇവിടെ മദ്യപിക്കാൻ എത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

മദ്യപാന സംഘങ്ങൾ കുപ്പികൾ പാലത്തിൽ എറിഞ്ഞുടയ്‌ക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടണ്ട്. ഇവിടെ എത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിറുത്തി പലപ്പോഴും പ്രശ്‌നങ്ങളിൽ ഇടപെട്ടിട്ടുണ്ട്

ബി. ഷൈലജ,

തേവള്ളി ഡിവിഷൻ കൗൺസിലർ

അസമയങ്ങളിൽ പാലത്തിൽ തമ്പടിച്ച് മദ്യപിച്ച ശേഷം പ്ലാസ്‌റ്റിക് ഉൾപ്പെടെ കായലിലേക്ക് വലിച്ചെറിയുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ദൂരെ നിന്നുള്ള കുട്ടികൾ പാലത്തിന് മുകളിൽ നിന്ന് പകർത്തുന്ന കാഴ്‌ചകളിൽ ആകൃഷ്‌ടരായി ധാരാളം പേർ കായൽ സവാരിക്ക് കൊല്ലത്ത് എത്തുന്നുണ്ട്

പ്രദേശവാസി

ആരുടെയും സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലും പൊലീസ് ഇടപെടാറില്ല. എന്നാൽ സ്വാതന്ത്ര്യം അതിരു വിടുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇത് മൂലം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ പട്രോളിംഗ് നടത്തുന്നുമുണ്ട്

കൊല്ലം വെസ്‌റ്റ് പൊലീസ്