കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ ദിനംപ്രതി വർദ്ധിക്കുമ്പോഴും മാലിന്യം നിറഞ്ഞ് കവിഞ്ഞ് കൊല്ലം തീരദേശം. കൊല്ലം പോർട്ട്, മൂതാക്കര, വാടി ഹാർബർ എന്നിവിടങ്ങളിൽ ടൺകണക്കിന് മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്.
അസഹ്യ ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ കഴിയില്ല. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം തള്ളുന്നത് പതിവായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മത്സ്യവ്യാപാരത്തിനും മത്സ്യം വാങ്ങാനുമായി നിരവധി പേരാണ് കൊല്ലം പോർട്ട്, വാടി ഹാർബർ എന്നിവിടങ്ങളിലേക്ക് എത്തുന്നത്. കുറച്ച് മാസം മുൻപ് വാടി ഭാഗത്ത് നിന്ന് മാലിന്യം നീക്കിയിരുന്നെങ്കിലും നിലവിൽ സ്ഥിതി പണ്ടത്തേതിന്റെ പിന്നത്തേതായി! ഇത്രത്തോളം കുന്നുകൂടിയിട്ടും മാലിന്യം പൂർണമായി നീക്കം ചെയ്യാനോ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനോ കോർപ്പറേഷൻ തയ്യാറാകുന്നില്ല. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പുഴുവും ഈച്ചയും
അഴുകിയ മാലിന്യങ്ങൾ പുഴുവും ഈച്ചയും പൊതി. നിലയിലാണ്. ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യവും ഡയപ്പറുകളും പ്ലാസ്റ്റിക്കും വസ്ത്രങ്ങളുമടക്കം ഇവിടെ തള്ളുന്നവയ്ക്ക് കൈയും കണക്കുമില്ല. ചീഞ്ഞളിഞ്ഞ എലിയും പെരുച്ചാഴിയുമടക്കം മാലിന്യക്കൂനയിലുണ്ട്. മഴപെയ്താൽ സ്ഥിതികൂടുതൽ രൂക്ഷമാകും. അഴുക്കുവെള്ളം പരിസരമാകെ പരക്കും. ഈ വെള്ളത്തിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് ഇവിടേക്ക് എത്തുന്നവർ. രാപ്പകൽ വ്യത്യാസമില്ലാതെയാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇറച്ചി അവശിഷ്ടം ഉൾപ്പെടെ കഴിക്കാൻ തെരുവുനായ്ക്കൾ ഈ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതും പതിവാണ്.
അഴുക്ക് വെള്ളത്തിൽ കൂടി നടക്കുന്നതിനാൽ കാല് ആകെ ചൊറിഞ്ഞു പൊട്ടും. നാറ്റം കാരണം മൂക്കുപൊത്തി നിൽക്കേണ്ട അവസ്ഥയാണ് . നിറയെ കൊതുകുമുണ്ട്
മുത്തുലക്ഷ്മി , മത്സ്യ കച്ചവടക്കാരി
മാലിന്യ സംസ്കരണത്തിന് ആവശ്യമായ പ്രോജക്ടുകൾ ആവിഷ്കരിച്ച് കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മാലിന്യപ്രശ്നം പലതവണ കൗൺസിലിൽ ഉന്നയിച്ചതാണ്. എന്നാൽ വിഷയം ചർച്ചചെയ്യാൻ പോലും തയ്യാറാകാത്ത സ്ഥിതിയാണ്
ജോർജ് ഡി.കാട്ടിൽ, കൗൺസിലർ, പോർട്ട് ഡിവിഷൻ