പടിഞ്ഞാറെ കല്ലട: തനിയെ താമസിക്കുന്ന സ്‌ത്രീയുടെ വീട്ടുപുരയിടത്തിലൂടെ മറ്റൊരാൾക്കായി വൈദ്യുതി ലൈൻ വലിച്ചത് അനധികൃതമായിട്ടെന്ന് വിജിലൻസ് റിപ്പോർട്ട്. വിളന്തറ വൈകാശിയിൽ എൽ. അനിലയുടെ വീട്ടുപുരയിടത്തിലൂടെ ലൈൻ വലിച്ചത് കെ.എസ്.ഇ.ബി ഉന്നതന്റെ ബന്ധുക്കളുടെ പുരയിടം ഒഴിവാക്കാനാണെന്ന വീട്ടമ്മയുടെ പരാതിയെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് വിവരാവകാശ പ്രകാരം ലഭിച്ചത്. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുക്കളായ രണ്ട് കുടുംബങ്ങൾക്ക് ലൈൻ വലിക്കാൻ മറ്റ് മാർഗമില്ലെന്ന നിലപാടോടെയാണ് അധികൃതർ അനിലയുടെ വീടിന് മുകളിലൂടെ 2009ൽ ലൈൻ വലിച്ചത്. തർക്കമുണ്ടായപ്പോൾ പ്രശ്‌നം എ.ഡി .എമ്മിന്റെ പരിഗണനയ്‌ക്കെത്തി .തുടർന്ന് താലൂക്ക് -വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ രണ്ട് കുടുംബങ്ങൾക്ക് ലൈൻ വലിക്കാൻ വേറെ വഴിയില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ എ.ഡി.എം പുറപ്പെടുവിച്ച ഉത്തരവിനും വിരുദ്ധമായാണ് കെ. എസ് .ഇ. ബി പുരയിടത്തിന് മുകളിലൂടെ ലൈൻ വലിച്ചതെന്ന് അനില ആരോപിക്കുന്നു.

ഇതിനിടെ അനിലയുടെ പുതിയ വീട് നിർമ്മാണത്തിന് ലൈൻ അഴിച്ചു മാറ്റണമെന്ന ആവശ്യവുമായി വീട്ടമ്മ ബോർഡിനെ സമീപിച്ചപ്പോൾ ആ ചെലവിലേക്ക് 1.31 ലക്ഷം അടയ്‌ക്കണമെന്ന നിലപാട് സ്വീകരിച്ചു. തന്റെ അയൽക്കാർക്ക് വേണ്ടി വലിച്ച ലൈൻ അഴിച്ചു മാറ്റുന്നതിന് പണമടയ്‌ക്കേണ്ടത് തന്റെ ബാദ്ധ്യതയല്ലെന്ന അപേക്ഷയുമായി വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. വീട്ടമ്മ സംസ്ഥാന വിജിൻസിനെയും സമീപിച്ചു. എന്നാൽ അനിലയുടെ അയൽക്കാർക്ക് ലൈൻ വലിച്ചത് എ.ഡി .എമ്മിന്റെ റിപ്പോർട്ടിനും വിരുദ്ധമായാണെന്ന കണ്ടെത്തലാണ് വിജിലൻസ് സംഭവ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.അന്നത്തെ എ.ഡി.എമ്മിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈൻ വലിച്ചതിനാലും പ്രശ്‌നം വീണ്ടും കൊല്ലം എ.ഡി.എമ്മിന്റെ പരിഗണനയിൽ ഇരിക്കുന്നതിനാലും തുടർനടപടികൾക്ക് മുതിരാതെ ഫയൽ തീർപ്പാക്കുകയാണന്ന മറുപടിയും വിവരാവകാശ നിയമ പ്രകാരം വീട്ടമ്മയ്‌ക്ക് വിജിലൻസിൽ നിന്ന് ലഭിച്ചു. മനുഷ്യാവകാശ കമ്മീഷൻ കേസ് അവധിക്ക് മാറ്റി വച്ചിരിക്കുകയാണ്.