photo
തകർന്ന് കിടക്കുന്ന കുറ്റിക്കാട്ടിൽമുക്ക് - കണ്ണംമ്പള്ളി ക്ഷേത്രം റോഡ്

കരുനാഗപ്പള്ളി : കുറ്റിക്കാട്ടിൽ മുക്ക് - കണ്ണംമ്പള്ളി ക്ഷേത്രം റോഡ് നിറയെ കുണ്ടും കുഴികളും. റോഡിന്റെ പല ഭാഗങ്ങളും കണ്ടാൽ കുളത്തിന് സമാനമാണ്. വാഹനങ്ങൾ പോകാനോ ആളുകൾക്ക് നടന്ന് പോകാനോ ബുദ്ധിമുട്ടാണ്. ഒരു വർഷം മുമ്പാണ് റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കിയത്. കണ്ണംമ്പള്ളി ക്ഷേത്രം മുതൽ വടക്കോട്ട് ഒട്ടത്തിൽ മുക്ക് വരെയായിരുന്നു റോഡ് ടാർ ചെയ്തത്. നിലവിൽ കുറ്റിക്കാട്ട് മുക്ക് മുതൽ തെക്കോട്ടാണ് ടാറിംഗ് ഇളകി റോഡ് കുണ്ടും കുഴിയുമായി മാറിയത്.

പതിവായി അപകടങ്ങൾ

മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇതു വഴി വരുന്ന ഇരു ചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്. ഇതു വഴിയുള്ള സൈക്കിൾ യാത്രയും ഞാണിന്മേൽ കളിപോലെയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. റോഡിന്റെ നിർമ്മാണത്തിൽ വന്ന അപാകതയാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ നിർമ്മാണ സമയത്ത് ഉദ്യോഗസ്ഥർ ഇവിടെ എത്തിയിരുന്നിലെന്നും ആരോപണമുണ്ട്.

റോഡിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി പുനർ നിർമ്മിച്ച് അപകട രഹിതമാക്കണം. കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു .ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് നിവേദനം നൽകും.

മുനമ്പത്ത് ഷിഹാബ്

പൗരസമിതി പ്രസിഡന്റ്