vishnu
വിഷ്ണു. വി

എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമി ഇരുമ്പ് വേലി കെട്ടി സുരക്ഷിതമാക്കി. അതോടെ അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വേലിക്ക് പുറത്തായി.

ദേശീയപാതയോട് ചേർന്ന ഭൂമിയാണ് അതിർത്തി വേലി കെട്ടി ഭദ്രമാക്കിയത്. യാത്രക്കാരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ. പാർക്കിംഗിന് സ്ഥലം ലഭിക്കാത്തതിൽ ആശങ്കയിലാണ് യാത്രക്കാർ.

സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻവശമുള്ള കോമ്പൗണ്ടിൽ നിലവിൽ സൗജന്യ പാർക്കിംഗ് ഉണ്ട്. എന്നാൽ ഇവിടെയെത്തുന്ന മുഴുവൻ വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള ഇടം ഇവിടില്ല. രാവിലെ 7 ന് തന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഇവിടം നിറയും. കാറുകളോ മുച്ചക്ര വാഹനങ്ങളോ എത്തിയാൽ പ്രവേശന കവാടത്തിലെ വഴിയിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഇത് സ്റ്റേഷനിൽ വന്നു പോകുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിന് തടസമാകുന്നുമുണ്ട്.

യാത്രക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ നിലവിൽ വേലി കെട്ടി മറച്ച ദേശീയപാതയോരത്തെ ഭൂമിയും പാർക്കിംഗിനായി ഉപയോഗിച്ചു വരികയായിരുന്നു.

പെട്രോൾ മോഷണം

സ്റ്റേഷൻ വളപ്പിൽ കാവലോ, സി.സി.ടി.വിയോ ഇല്ല. വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷണം ഇവിടെ പതിവാണ്. തിരക്കേറിയ ദേശീയ പാതയോട് ചേർന്നാണ് ഇപ്പോൾ ട്രെയിൻ യാത്രക്കാർ വാഹനങ്ങൾ സൂക്ഷിക്കുന്നത്. പൊതുവെ റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടങ്ങൾ ക്ഷണിച്ചു വരുത്താനും ഇതിടയാക്കും.

ദേശീയ പാതയോരങ്ങളിലെ റെയിൽവേ ഭൂമി അന്യാധീനപ്പെടുന്നതും കൈയ്യേറുന്നതും ഒഴിവാക്കാനാണ് സംരക്ഷണ വേലി കെട്ടുന്നത്. സംസ്ഥാന വ്യാപകമായി ഈ പ്രവർത്തി നടന്നു വരികയാണ്.

റെയിൽവേ അധികൃതർ

പാർക്കിംഗ് സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ കാര്യക്ഷമമായി ഇടപെടണം. പാസഞ്ചേഴ്സ് അസോസിയേഷനും ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കണം.ഫീസ് ഈടാക്കിയാലും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. കുടുംബശ്രീക്കോ മറ്റോ കരാർ നൽകി പാർക്കിംഗ് ക്രമീകരിക്കാം.

വിഷ്ണു. വി, ചീരങ്കാവ് .